കൊല്ലം: നീണ്ട 20 മണിക്കൂറിന് ശേഷം കാണാതായ അബിഗേൽ സാറയെ കണ്ടെത്തിയപ്പോൾ നാടും നാട്ടുകാരും സന്തോഷത്തിലാണ്. ഇന്നലെ വൈകുന്നേരം മുതൽ കുഞ്ഞിനെ കാണാതായതിന് ശേഷം പൊലീസും വീട്ടുകാരും നാട്ടുകാരും കുഞ്ഞിനെ നാടുമുഴുവൻ അരിച്ചുപെറുക്കി തിരഞ്ഞു. പക്ഷേ നിരാശയായിരുന്നു ഫലം.
ഇന്ന് ഉച്ചയോടെ കുഞ്ഞിനെ കണ്ടെത്തിയതോടെ ആഹ്ലാദത്തിലാണ് കേരളം. വീട്ടിലും നാട്ടിലും എന്നുവേണ്ട പൊലീസിലും കുഞ്ഞിനെ കണ്ടെത്തിയ സന്തോഷം പങ്കുവെക്കുകയാണ് എല്ലാവരും. കുഞ്ഞിനെ കണ്ടെത്തിയ സന്തോഷത്തിൽ എആർ ക്യാമ്പിൽ ലഡുവിതരണവും നടത്തി.
അതേസമയം, കുഞ്ഞിനെ ഇന്ന് വീട്ടിലേക്ക് കൊണ്ട് വരില്ലെന്നാണ് പുതിയ വിവരം. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. കുഞ്ഞിന്റെ അമ്മയും കുടുംബവും കുഞ്ഞിന്റെ അടുത്തേക്ക് പോകും. കൊല്ലം എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞ് ഒറ്റക്കിരിക്കുന്നത് കണ്ടത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കണ്ടെത്തിയതിന് ശേഷം കുഞ്ഞ് ഭക്ഷണം കഴിച്ചു.
നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.