നവകേരള സദസ്സിൽ പിവി അൻവർ എം എൽഎക്കെതിരെയും പരാതി

Advertisement

തിരൂർ. മന്ത്രി അഹമ്മദ് ദേവർകോവിലിന് പിന്നാലെ നവകേരള സദസ്സിൽ പിവി അൻവർ എം എൽഎക്കെതിരെയും പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.


ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്റ് ബോർഡ്‌ ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. അതിനിടെ മലപ്പുറം ജില്ലയിൽ ഇന്നും മുഖ്യമന്ത്രിയെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.



വള്ളിക്കുന്ന് മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ വച്ച് പൊതു പ്രവർത്തകനായ കെ വി ഷാജിയാണ് പി വി അൻവർ എം എൽ എ യ്ക്കെതിരെ പരാതി നൽകിയത്. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടു കെട്ടണമെന്ന താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിനോട് റവന്യൂ ഉദ്യോഗസ്ഥർ മുഖം തിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. പി വി അൻവറിന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനങ്ങൾ കേസ് അട്ടിമറിക്കാൻ ഇടയാക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പോലും റവന്യൂ ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തുകയാണ്. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ് വന്ന് രണ്ടു മാസം കഴിഞ്ഞിട്ടും നീതി ലഭ്യമായില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്.


അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നും കെ വി ഷാജി മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ മലപ്പുറം ജില്ലയിൽ ഇന്നും യൂത്ത് കോണ്ഗ്രസ് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചു. വള്ളിക്കുന്ന് മണ്ഡലത്തിലെ പരിപാടിയ്ക്കിടെ പ്രതിഷേധത്തിന് ഒരുങ്ങിയ കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരൂരങ്ങാടിയിലും പരപ്പനങ്ങാടിയിലും മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെയായിരുന്നു യൂത്ത് കോണ്ഗ്രസ് പ്രതിഷേധം.


Advertisement