രേഖാ ചിത്രവുമായി രൂപസാദൃശ്യം…. ഒടുവില്‍ ഷാജഹാന്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായി….

Advertisement

ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ള യുവാവ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. തട്ടിക്കൊണ്ടു പോകല്‍ സംഘത്തിലെ പ്രധാന പ്രതിയുടെതെന്ന് കരുതുന്ന രേഖാ ചിത്രം കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ഷാജഹാനുമായി ഈ ചിത്രത്തിന് ഏറെ സാമ്യമുണ്ടായിരുന്നതോടെ കേസിലെ പ്രതി ഷാജഹാനാണെന്ന് പ്രചാരണം നടന്നു. നേരത്തെ കഞ്ചാവ് കേസിലും മോഷണ കേസിലും പ്രതിയായിരുന്നു ഇയാളെന്ന് വിവരം പുറത്ത് വന്നതോടെ തട്ടിക്കൊണ്ടുപോകല്‍ കേസിന് പിന്നിലും ഇയാളാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
പോലീസും ഇയാളെക്കുറിച്ചുള്ള കാര്യങ്ങള്‍ ശേഖരിക്കുകയും ഇയാളുടെ മൈബൈല്‍ ഫോണിലേക്ക് വന്ന കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇയാള്‍ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നേരത്തെ ചില കേസുകളുണ്ടായിരുന്നെങ്കിലും താനിപ്പോള്‍ മാന്യമായി ജോലിയെടുത്താണ് ജീവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. ഷാജഹാന് തട്ടിക്കൊണ്ടു പോകല്‍ കേസുമായി ബന്ധമില്ലെന്ന് അന്വേഷണത്തിന് ശേഷം പോലീസും വ്യക്തമാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ പെട്ട പുരുഷനും സ്ത്രീയും കുട്ടിയെ തട്ടിയെടുത്ത അന്ന് രാത്രി ഒരു കടയില്‍ വരികയും ബിസ്‌ക്കറ്റും തേങ്ങയും മറ്റും വാങ്ങുകയും ചെയ്തിരുന്നു. കടക്കാരിയുടെ ഫോണ്‍ വാങ്ങി കടയില്‍ നിന്ന് പുറത്തേക്ക് പോയാണ് ഈ സ്ത്രീ കുട്ടിയുടെ അമ്മയെ വിളിച്ച് കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഈ വിളി വന്ന ഉടന്‍ തന്നെ പോലീസ് ഈ കടയുടമയെ അന്വേഷിച്ച് എത്തിയിരുന്നു. പോലീസ് എത്തിയപ്പോള്‍ മാത്രമാണ് തട്ടിക്കൊണ്ടു പോകാല്‍ സംഘത്തിലെ സ്ത്രീയാണ് തന്റെ ഫോണ്‍ ഉപയോഗിച്ചതെന്ന് കടയുടമ അറിഞ്ഞത്. കടയുടമയായ സ്ത്രീ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘാംഗമായ പുരുഷന്റെ രേഖാ ചിത്രം തയ്യാറാക്കിയത്. ഇതിന് തന്റെ രൂപസാദൃശ്യമുള്ളതാണ് ഷാജഹാന് വിനയായത്.

Advertisement