കണ്ണൂർ. പെരിങ്ങത്തൂരിൽ കിണറ്റിൽ നിന്ന് വനംവകുപ്പ് പിടികൂടിയ പുലി ചത്തു. കൂട്ടിലാക്കിയതിന് പിന്നാലെയാണ് പുലി ചത്തത്. പിടികൂടുമ്പോൾ പുലിയുടെ ആരോഗ്യനില മോശമായിരുന്നു. നാളെ വയനാട്ടിൽ പോസ്റ്റ്മോർട്ടം നടത്തും.
രക്ഷാദൗത്യം വിഫലം. പെരിങ്ങത്തൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ രാത്രിയാണ് പെരിങ്ങത്തൂർ അണിയാരത്തെ നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ സമീപത്തെ കിണറ്റിൽ പുലി വീണത്. പുലർച്ചയോടെയാണ് കിണറ്റിനുള്ളിൽ നാട്ടുകാർ പുലിയെ കണ്ടെത്തിയത്. വൈകിട്ടോടെ വയനാട്ടിൽ നിന്നുള്ള ദൗത്യസംഘമെത്തിയാണ് പുലിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. വലയിൽ കുടുക്കിയശേഷം മയക്കുമരുന്ന് കുത്തിവെച്ചാണ് പുറത്തെത്തിച്ചത്.
കിണറ്റിൽ നിന്ന് കൂട്ടിലേക്ക് മാറ്റുമ്പോൾ പുലി അവശനായിരുന്നു. കണ്ണവത്ത് വനം വകുപ്പ് കേന്ദ്രത്തിൽ എത്തിക്കുമ്പോഴേക്കും പുലി ചത്തു. കിണറ്റിലേക്കുള്ള വീഴ്ചയിൽ ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടാകാമെന്നാണ് നിഗമനം. അനുവദനീയമായതിലും കുറഞ്ഞ അളവ് ഡോസ് മരുന്ന് മാത്രമാണ് ഉപയോഗിച്ചതെന്നാണ് വനം വകുപ്പ് വിശദീകരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.