കൊച്ചി.നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി .ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കുട്ടികളെ ഇനിയും പങ്കെടുപ്പിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി സർക്കാറിന് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ സർക്കാറിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടു.പാലക്കാട് നവകേരള സദസിന്റെ വിളംബര ഘോഷയാത്രയിൽ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്ന് നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിനെതിരെ അധ്യാപകരും നാട്ടുകാരും പ്രതിഷേധിച്ചു.
നവ കേരള സദസ്സ് യാത്ര പുരോഗമിക്കുന്നതിനിടെയാണ് പരിപാടിയിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്.കുട്ടികളുടെ മനസ്സിലേക്ക് രാഷ്ട്രീയം കുത്തി വയ്ക്കേണ്ട എന്നും പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.അക്കാദമിക്ക് കരിക്കുലത്തിൽ ദിവസവും മാറ്റം വരുത്താൻ സാധിക്കുമോ എന്നും കോടതി ചോദിച്ചു.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരം ഉണ്ടായിട്ടും കുട്ടികളെ പങ്കെടുപ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കാനും കോടതി നിർദ്ദേശം നൽകി.എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിന്റെ ഹർജിയിലാണ് കോടതിയുടെ പരാമർശങ്ങൾ ഉണ്ടായത്.അതിനിടെ പാലക്കാട് നവ കേരളത്തിൻറെ വിളംബര ഘോഷയാത്രയിൽ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് നല്ലേപ്പള്ളി പഞ്ചായത്ത് സെക്രട്ടറി ഇറക്കിയ ഉത്തരവും വിവാദമായി.ക്ലാസ് മുടക്കി പരിപാടിയിൽ പങ്കെടുക്കാനാവില്ല എന്ന് അധ്യാപക സംഘടനകൾ അറിയിച്ചു.ഇതോടെ സ്കൂൾ സമയത്തിനുശേഷം അധ്യാപകർ പങ്കെടുത്ത മതിയെന്ന് പ്രസിഡണ്ട് ഉത്തരവിൽ തിരുത്തൽ വരുത്തി. നവകേരള സദസിന്റെ യോഗങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വിശദീകരണവുമായി മന്ത്രി ആര്‍ ബിന്ദുവും രംഗത്തെത്തി.