കൊട്ടിയം: ഇസ്രായേൽ സ്വദേശിനിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വയോധികനായ ഭർത്താവ് കത്തി കൊണ്ട് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ചു.ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്രായേൽ സ്വദേശിനി രാധ എന്നു വിളിക്കുന്ന സ്വത് വാ (36) ആണ് മരിച്ചത്.ഇവരുടെ ഭർത്താവായ കൃഷ്ണചന്ദ്രൻ (75) ആണ് ഗുരുതരാവസ്ഥയിൽ ചികിൽസയിലുള്ളത്.വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ മുഖത്തല
ഡീസൻറുമുക്ക് കോടാലി മുക്കിലായിരുന്നു സംഭവം.കോടാലി മുക്കിന് തെക്കുവശത്തെ പൊതുവിതരണ കേന്ദ്രത്തിന് മുന്നിലുള്ള തിരുവാതിര വീട്ടിലായിരുന്നു സംഭവം .ഇവിടെ വാടകയ്ക്ക് താമസിക്കുന്ന രവികുമാറിൻ്റെയും, ബിന്ദുവിൻ്റെയും
പിതൃ സഹോദരനാണ്
കൃഷ്ണചന്ദ്രൻ.
ഉത്തരാഖണ്ഡിൽ ദീർഘകാലമായി യോഗാ അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒരു വർഷം മുമ്പാണ് ഇസ്രായേലി യുവതിയൊടൊപ്പം ഇവിടെ എത്തിയത്. ആയുർവേദ ചികിൽസക്കായാണ് ഇവർ ഇവിടെ എത്തിയത്.വ്യാഴാഴ്ച മൂന്നരയോടെ ബന്ധുവീട്ടിൽ പോയ ശേഷം സംഭവം നടന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിന്ദു വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും മുൻവശത്തെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പുറകിലെ വാതിൽ തുറന്ന് വീടിനുള്ളിൽ കയറി കതകിന് തട്ടിയപ്പോഴാണ് സ്വത്വാ മരിച്ചു കിടക്കുന്നതായി കണ്ടത്.കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം വയറ്റിൽ കുത്തുന്നതുമാണ് ഇവർ കണ്ടത്.തുടർന്ന് ഇവർ അയൽവാസിയുടെ സഹായത്തോടെ കൊട്ടിയം പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി മരിച്ച സ്വത്വായേയും ഭർത്താവിനെയും ജില്ലാ ആശുപത്രിയിലെത്തിക്കുകയും സ്വത്വയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും വിദഗ്ദ ചികിൽസക്കായി കൃഷ്ണചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി സംഭവം നടന്ന വീട്ടിലെ ബിന്ദുവിൻ്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.