കാനം രാജേന്ദ്രന് തല്‍ക്കാലം പകരക്കാരനില്ല,പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ പുറത്താക്കി

Advertisement

തിരുവനന്തപുരം.ചികിത്സയിലുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തല്‍ക്കാലം പകരക്കാരനില്ല. ഇന്നു ചേര്‍ന്ന സംസ്ഥാന എകസിക്യുട്ടീവ് യോഗം അവധി അപേക്ഷയിലെ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടു. അതുവരെ സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല നിര്‍വഹിക്കും. പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ചുമതലകളില്‍ നിന്ന് നീക്കാനും യോഗം തീരുമാനിച്ചു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാനം രാജേന്ദ്രന്‍ മൂന്നു മാസത്തെ അവധിക്ക് അപേക്ഷ നല്‍കിയത്. ഇന്നു ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം അവധി അപേക്ഷ പരിഗണിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ആക്ടിംഗ് സെക്രട്ടറി സ്ഥാനം വേണ്ടെന്നും ചുമതല തല്‍ക്കാലം ആര്‍ക്കും നല്‍കേണ്ടെന്നുമാണ് യോഗത്തിന്റെ തീരുമാനം. നിലവിലുള്ളതുപോലെ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ചുമതല നിര്‍വഹിക്കും. കാനത്തിന് രണ്ടു മാസത്തിനകം പാര്‍ട്ടി നേതൃത്വത്തില്‍ സജീവമാകാന്‍ കഴിയും. കാനത്തിന്റെ അവധി അപേക്ഷ ദേശീയ നേതൃത്വത്തെ അറിയിക്കും. ഇക്കാര്യത്തില്‍ തീരുമാനം ദേശീയ നേതൃത്വമെടുക്കട്ടെയെന്നും യോഗം തീരുമാനിച്ചു. അനധികൃതസ്വത്ത് സമ്പാദന ആരോപണത്തില്‍ പത്തനംതിട്ട സിപിഐ ജില്ലാ സെക്രട്ടറി എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനം അടക്കം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നല്‍കിയ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. എപിജയന്റെ വിശദീകരണം തേടിയ ശേഷമാണ് എക്‌സിക്യുട്ടീവ് നടപടിയെടുത്തത്

Advertisement