കൊല്ലം. സമഗ്ര ശിക്ഷാ അഭിയാൻ (എസ് എസ് എ) നടപ്പാക്കുന്ന ‘ബഡ്ഡിംഗ് റൈറ്റേഴ്സ്’ എന്ന പരിപാടിയുടെ ഭാഗമായി നൽകുന്ന കേന്ദ്രഫണ്ട് ഉപയോഗിച്ച് മാർക്സിസ്റ്റ് പാർട്ടിയുടെ പ്രസിദ്ധീകരണ വിഭാഗങ്ങളുടെ പുസ്തകങ്ങൾ പൊതുവിദ്യാലയങ്ങളിൽ വാങ്ങിക്കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പദ്ധതിയാണ് സമഗ്ര ശിക്ഷാ അഭിയാൻ. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ അക്കാദമികവും ഭൗതികവുമായ വികാസമാണ് പദ്ധതിയുടെ ലക്ഷ്യം. എസ് എസ് കെ ആവിഷ്കരിച്ച ‘സ്റ്റാർസ്’ വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ട ഗുണമേൻമാ പദ്ധതിയാണ് ‘ബഡ്ഡിംഗ് റൈറ്റേഴ്സ്’. കുട്ടികളുടെ വൈജ്ഞാനിക വികാസത്തോടൊപ്പം മാനസികോല്ലാസവും ഉന്നതിയും നൈസർഗികാഭിരുചികളുടെ പോഷണവും വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. ഇത് പൂർത്തീകരിക്കാൻ ഉതകുന്ന വിധം വിഭാവനം ചെയ്ത പരിപാടിയാണ് ‘ബഡ്ഡിംഗ് റൈറ്റേഴ്സ്’. അപ്പർ പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികളുടെ വായനാ പരിപോഷണവും സർഗാത്മക വികാസവും ഈ പദ്ധതിയുടെ ലക്ഷ്യത്തിൽ പെടുന്നു. 2022 – 2023 വർഷം നാല് ജില്ലകളിൽ ആരംഭിച്ച പദ്ധതി ഈ വർഷം ബാക്കി മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട യു പി സ്കൂളുകൾക്ക് ആറായിരം രൂപ വീതവും ഹൈസ്കൂൾ/ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പതിനായിരം രൂപ വീതവും പുസ്തകം വാങ്ങാൻ നൽകുന്നുണ്ട്. തുക ഉപയോഗിച്ച് പുസ്തകം വാങ്ങുന്നതിന്, അധ്യാപകർ, ബി ആർ സി ട്രെയിനർ, കലാ സാഹിത്യ പ്രവർത്തകർ, രക്ഷാകർതൃ പ്രതിനിധികൾ, എന്നിവരെ ഉൾപ്പെടുത്തി ഒരു സമിതി ഉണ്ടാക്കണമെന്നാണ് നിർദ്ദേശം. കുട്ടികൾ വായനയിലേക്ക് താൽപര്യപൂർവം പ്രവേശിക്കുന്നതിന് പര്യാപ്തമാകുന്ന പുസ്തകങ്ങൾ പട്ടികപ്പെടുത്തണം എന്നും നിർദേശത്തിൽ പറയുന്നുണ്ട്. ‘സ്റ്റാർസ്’ വാർഷിക പദ്ധതി 2023 – 24 – എസ് ഐ ജി (3) കമ്പോണൻ്റിൽ നിന്നാണ് തുക അനുവദിക്കുന്നത്.
ഈ നിർദേശങ്ങൾ സർക്കുലർ വഴി നൽകിയെങ്കിലും ‘ചിന്ത’, ‘സമത’, ‘ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട്’ എന്നീ പ്രസാധകരുടെ പുസ്തകങ്ങൾ വാങ്ങണമെന്ന് ‘വോയ്സ് മെസേജ്’ വഴി സ്കൂൾ അധികൃതർക്ക് നിർദേശം നൽകുന്നതായാണ് ആക്ഷേപം. ഇതിൽ ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് സർക്കാർ സ്ഥാപനമാണെങ്കിലും മറ്റ് രണ്ട് സ്ഥാപനങ്ങൾ സി പി എം നിയന്ത്രണത്തിലുളളതാണ്. എസ് എസ് കെ യുടെ ജില്ലാ – ഉപജില്ലാ കോ – ഓർഡിനേറ്റർ മാർ വഴി വാക്കാൽ നിർദേശം കൊടുത്ത് മാർക്സിസ്റ്റ് പ്രസിദ്ധീകരണങ്ങളെക്കൊണ്ട് പൊതുവിദ്യാലയങ്ങൾ നിറയ്ക്കാനാണ് ശ്രമം. സർക്കുലറിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള പുസ്തകങ്ങൾ യഥേഷ്ടം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമാണ് സ്കൂളുകൾക്ക് നൽകേണ്ടത്. കേന്ദ്രഫണ്ട് തട്ടാനും മാർക്സിസ്റ്റ് ആശയം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് എസ് എസ് കെ പിന്തിരിയണം എന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു)സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.