കണ്ണൂർ. വിസി നിയമന കേസിലെ സുപ്രീംകോടതി വിധിയോടെ പ്രതിരോധത്തിലായ സംസ്ഥാന സർക്കാർ ഗവർണർക്കെതിരെയുള്ള വിമർശനം ശക്തമാക്കും. ബില്ലുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവാണ് സർക്കാരും സിപിഐഎമ്മും ആയുധമാക്കുന്നത്. ഗവർണർ രാജിവെക്കണമെന്ന ആവശ്യമുയർത്തി പ്രചരണം ശക്തമാക്കാനാണ് നീക്കം. സുപ്രീംകോടതിയിൽ നിന്ന് ഇത്രയും വിമർശനം നേരിട്ട ഗവർണർ സംസ്ഥാന ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാണ് ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം അനാവശ്യമായി ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നീക്കവും പ്രചരണായുധമാക്കും. കണ്ണൂർ വിസി സംഭവത്തിൽ ഗവർണറോട് നിർബന്ധം ചെലുത്തിയിട്ടില്ലെന്ന വാദമാണ് സർക്കാരിന്റെത്. എന്നാൽ കഴിഞ്ഞദിവസം ഉണ്ടായ സുപ്രീംകോടതി വിധിയെ കണ്ണൂർ ബിസി നിയമനവുമായി ബന്ധപ്പെട്ട വിധി കൊണ്ട് പ്രതിരോധിക്കാനാണ് രാജ് ഭവന്റെ നീക്കം. പ്രതിപക്ഷം ആകട്ടെ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്ന നിലപാടിലാണ് ബിജെപി . ഇതുമായി ബന്ധപ്പെട്ട പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം.