വാർത്താനോട്ടം

Advertisement

2023 ഡിസംബർ 01 വെള്ളി

ഇന്ന് ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം

🌴കേരളീയം🌴

🙏കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ റെജിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. റെജി താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി.

🙏മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ റെജി. പൊലീസ് പത്തനംതിട്ടയിലെ താമസസ്ഥലത്തുനിന്ന് കൊണ്ടുപോയത് താന്‍ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. ഏതു പരിശോധനയും നടത്തട്ടെയെന്നും
റെജി പറഞ്ഞു.

🙏സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ ഇന്ന് അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കും. കോളേജുകളിലെ അദ്ധ്യയനവും രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളില്‍നിന്നു വിട്ടു നില്‍ക്കും. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ യുടെ നേതൃത്വത്തിലാണു സമരം.

🙏സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്നു മാസത്തേക്ക് അവധി വേണമെന്ന അപേക്ഷയില്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തില്ല. തീരുമാനം ദേശീയ നേതൃത്വത്തിനു വിടാന്‍ യോഗം തീരുമാനിച്ചു.

🙏 അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എപി ജയനെ നീക്കി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനമെടുത്തത്. മുല്ലക്കര രത്നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല.

🙏റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെ പെര്‍മിറ്റ് പുനസ്ഥാപിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സര്‍ക്കാരിന്റെ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ബസ് പിടിച്ചെടുക്കുകയാണെങ്കില്‍ പിഴ ഈടാക്കി വിട്ടുകൊടുക്കണമെന്നും കോടതി പറഞ്ഞു.

🙏മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം. മലപ്പുറം വണ്ടൂര്‍ താഴെ ചെട്ടിയാറയില്‍ കരിങ്കൊടി കാണിച്ച സംഘത്തിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപി സിറാജിന്റെ തല അടിച്ചു പൊട്ടിച്ചു. ഇയാളെ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏മലപ്പുറം പാണ്ടിക്കാട്ട് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓടിക്കുന്നതിനിടെ പോലീസ് ജീപ്പില്‍നിന്നു തെറിച്ചുവീണ ലാത്തിയുമായി പ്രകടനം. മുഖ്യമന്ത്രിയും മന്ത്രിമാരും പെരിന്തല്‍മണ്ണയിലെ നവകേരളാ സദസിലേക്കു പോകുമ്പോഴായിരുന്നു കരിങ്കൊടി വീശിയത്.

🙏സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കണ്ണൂര്‍
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സ്ഥാനമൊഴിഞ്ഞു. ചട്ടം ലംഘിച്ചുള്ള നിയമനമാണെന്നു സുപ്രീം വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്നു
സംസ്ഥാന സര്‍ക്കാരും ഡോ. ഗോപിനാഥ് രവീന്ദ്രനും വ്യക്തമാക്കി.

🙏മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലുണ്ടായതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരവും സമ്മര്‍ദ്ദപ്രകാരവും കൈക്കൊണ്ട നടപടിക്കാണ് തിരിച്ചടി.

🙏കണ്ണൂര്‍ സര്‍വകലാശാല വിസി നിയമന കേസില്‍ നിയമനം നല്‍കിയ ഗവര്‍ണര്‍ തന്നെയാണ് നിയമനത്തിനെതിരെ തെളിവും സാക്ഷി മൊഴിയും നല്‍കിയതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണര്‍ നല്‍കിയത് കള്ളമൊഴിയാണ്.

🙏കെഎസ്ആര്‍ടിസി
യില്‍ നാല് ജനറല്‍ മാനേജര്‍ തസ്തിക സൃഷ്ടിച്ച് കെഎഎസ് ഓഫീസര്‍മാരെ നിയമിച്ചു. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശയനുസരിച്ചാണ് എന്‍ജിനീയറിംഗ് ബിരുദമുള്ള നാല് കെഎഎസ് ഓഫീസര്‍മാരെ നിയമിച്ചത്. മലപ്പുറം ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ്. സരിന്‍, കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷോ ബെനെറ്റ് ജോണ്‍, ജിഎസ്ടി ഇടുക്കി ഓഫീസിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. രാരാരാജ്, കണ്ണൂര്‍ ഇറിഗേഷന്‍ പ്രോജക്ടിലെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് റോഷ്ന അലിക്കുഞ്ഞ് എന്നിവരെയാണ് നിയമിച്ചത്.

🙏തന്റെ കണ്ണില്‍ അബദ്ധത്തില്‍ കൈ തട്ടിയ എന്‍സിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി വി അന്‍വര്‍ എംഎല്‍എയുടെ വസതിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ എന്‍സിസി കേഡറ്റ് ജിന്റോ കണ്ടത്. ‘അബദ്ധത്തില്‍ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’ എന്നു പറഞ്ഞ് പേന സമ്മാനിച്ചാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയാക്കിയത്. മഞ്ചേരി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിന്റോ.

🙏കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് 13 കോടി രൂപ ശനിയാഴ്ച മുതല്‍ നല്‍കും. അഞ്ചു ലക്ഷത്തിലേറെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് ഡിസംബര്‍ 11 മുതല്‍ 10 ശതമാനം വരെ തുക പലിശ സഹിതം തിരികെ നല്‍കും. അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാം. ചെറുകിട സ്ഥിര നിക്ഷേപകര്‍ക്ക് നിശ്ചിത ശതമാനം തുകയും പലിശയും പിന്‍വലിക്കാം.

🙏ഇസ്രയേല്‍ സ്വദേശിനിയെ കഴുത്തറുത്തു കൊന്ന് മലയാളിയായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വാ (36) കൊല്ലപ്പെട്ടത്. സ്വയം കത്തികൊണ്ട് ശരീരത്തില്‍ കുത്തി ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവ് കൃഷ്ണചന്ദ്രനെ (75) കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എട്ടു മണിക്കൂറിലധികം വൈകിയതോടെ മലയാളികളായ യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി. ഉച്ചകഴിഞ്ഞു മൂന്നിന് പുറപ്പെടേണ്ടിയിരുന്ന എഐ 465 വിമാനമാണ് വൈകിയത്.

🙏നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

🙏വളാഞ്ചേരിയിലെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ 18 വിദ്യാര്‍ത്ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തച്ചന്‍പാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്.

🙏ടാറിംഗ് നടക്കുന്നതിനാല്‍ തിരുവനന്തപുരം വഴുതയ്ക്കാട് ജംഗ്ഷന്‍ മുതല്‍ ജഗതി വരെയുള്ള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കരമന- സോമന്‍ നഗര്‍ റോഡില്‍ കരമന ജങ്ഷന്‍ മുതല്‍ സോമന്‍ നഗര്‍ വരെ ടാറിടുന്നതിനാല്‍ ഗതാഗതം നിരോധിച്ചു.

🙏തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്ന കേസില്‍ അമ്മ 28 കാരിയായ ജെയിസമ്മക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. 2016 ഫെബ്രുവരി 16 ന് ബെഡ് റൂമില്‍ 15 മാസം പ്രായമുള്ള മകനെ കഴുത്തുഞെരിച്ചു കൊന്ന് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

🙏മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ച നഴ്സിംഗ് ഓഫീസര്‍ പി ബി അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം. സ്ഥലം മാറ്റിയത് തന്നോടുള്ള ക്രൂരതയാണെന്നും നടപടിക്കെതിരെ പോരാടുമെന്നും അതിജീവിത പ്രതികരിച്ചു.

🙏ഓട്ടിസം രോഗബാധിതനായ മകനെ അമ്മ കൊലപ്പെടുത്തിയതാണെന്നു റിപ്പോര്‍ട്ട്. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടിലെ ശോഭയാണ് മകന്‍ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ബെഡ് റൂമില്‍ തീയിട്ട ശോഭ (63) യുടെ ആരോഗ്യനില ഗുരുതരമാണ്. ശോഭയുടെ ഭര്‍ത്താവ് നാലു വര്‍ഷം മുമ്പ് മരിച്ചിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏തെക്കന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസിനെ കൂടുതല്‍ ശക്തമായി കെട്ടിപ്പടുക്കാന്‍ നീക്കം. ഇതിനായി ഡിസംബര്‍ 12 ന് ബ്രിഡ്ജിംഗ് സൗത്ത് എന്ന പേരില്‍ ഡല്‍ഹിയില്‍ കോണ്‍ക്ലേവ് നടത്തും. കേന്ദ്ര മന്ത്രിമാരും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരിപാടിയില്‍ പങ്കെടുക്കും.

🙏അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തും. രാജസ്ഥാനില്‍ തൂക്കസഭയ്ക്കു സാധ്യത. തെലങ്കാനയിലും ഛത്തീസ് ഘട്ടിലും കോണ്‍ഗ്രസ് മുന്നേറ്റം. മിസോറമില്‍ ഭരണമാറ്റത്തിനു സാധ്യത.

🙏വ്യാജ നോട്ട് കേസിലും മണിചെയിന്‍ മോഡല്‍ തട്ടിപ്പ് കേസിലും സോഷ്യല്‍മീഡിയ താരം അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി അതീജ് മൗര്യ (41)ആണ് സരോജിനി നഗര്‍ പൊലീസിന്റെ പിടിയിലായത്. പുതുവത്സരം ആഘോഷിക്കാനായി രണ്ടാം ഭാര്യയുമൊത്ത് വിദേശത്തേക്ക് പറക്കാനിരിക്കെയാണ് പിടിയിലായത്.

🇦🇽 അന്തർദേശീയം 🇦🇺

🙏ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക്കിസ്ഥാനി നസറുല്ലയെ വിവാഹം ചെയ്തശേഷം കഴിഞ്ഞ ദിവസം അഞ്ജു എന്ന മുപ്പത്തഞ്ചുകാരി തിരിച്ചെത്തിയത് വിവാഹ മോചനത്തിനും 15 കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാനുമാണെന്ന് അന്വേഷണ ഏജന്‍സികള്‍. വാഗ- അട്ടാരി അതിര്‍ത്തി വഴി എത്തിയ അഞ്ജുവിനെ വിശദമായി അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതിരുന്നു.

🙏നേപ്പാളില്‍ ആദ്യത്തെ സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്തു. സൗത്ത് ഏഷ്യയിലെ ആദ്യ സ്വവര്‍ഗവിവാഹമാണിത്. പടിഞ്ഞാറന്‍ ലുംജംഗ് ജില്ലയിലാണ് മായ ഗുരുങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവര്‍ തമ്മില്‍ വിവാഹിതരായത്.

🙏റഷ്യന്‍ മോഡലും 15കാരിയായ മകളും വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍. തുര്‍ക്കിയിലെ ബോഡ്രമിലെ റിസോര്‍ട്ടിനു സമീപം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് 42 കാരിയായ ഐറിന ഡ്വിസോവയുടെയും 15 കാരിയായ മകള്‍ ഡയാനയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കായികം 🏏

🙏ഐഎസ്എല്ലിലെ ആറ് ഗോളുകള്‍ പിറന്ന ആവേശകരായ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ സമനിലയില്‍ കുരുക്കി പഞ്ചാബ് എഫ്‌സി. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.

🙏മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും ഇടവേള ആവശ്യപ്പെട്ടതിനാല്‍ ഇരുവരെയും ഏകദിന-ട്വന്റി 20 ടീമുകളിലേക്ക് പരിഗണിച്ചിട്ടില്ല.

🙏 ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് തന്നെ നയിക്കും. കെ.എല്‍ രാഹുലാണ് ഏകദിന ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാസണ്‍ ഏകദിന ടീമില്‍ ഇടംനേടി. സൂര്യകുമാര്‍ യാദവാണ് ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

🙏ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള 20-ാമത്തെ ടീമായി യോഗ്യത നേടി.

Advertisement