കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ ഗതികേടിലായിരിക്കുകയാണ് മലപ്പുറം സ്വദേശിയായ യുവാവ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിലെ വ്യാജ നമ്പര്‍ മലപ്പുറം സ്വദേശിയുടെ കാറിന്റെ നമ്പറായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെ ഈ കാറും അതിന്റെ നമ്പറും പോലീസിനും മാധ്യമങ്ങള്‍ക്കും കിട്ടി. കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടെ കാറിന്റെ യഥാര്‍ത്ഥ നമ്പറാണെന്ന് കരുതി പ്രതികളെ പിടിക്കാനായി ഇത് നാട് മുഴുവന്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ തട്ടിപ്പ് സംഘം വ്യാജമായി നമ്പര്‍ ബോര്‍ഡ് ഉണ്ടാക്കി ഉപയോഗിച്ചത് എടവണ്ണ സ്വദേശി ബിമല്‍ സുരേഷിന്റെ കാറിന്റെ നമ്പറാണ്. സ്വന്തം കാര്‍ പുറത്തിറക്കാന്‍ പറ്റാത്ത ഗതികേടിലാണ് താനെന്നാണ് ബിമല്‍ സുരേഷ് പറയുന്നത്. കാറിന്റെ നമ്പര്‍ എല്ലായിടത്തും പ്രചരിക്കപ്പെട്ടുവെന്നും കാര്‍ പുറത്തിറക്കിയാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ലെന്നും യുവാവ് പറയുന്നു. കുട്ടിയെ കാണാതായ ദിവസം രാത്രി പോലീസ് വന്നപ്പോഴാണ് തന്റെ കാറിന്റെ നമ്പര്‍ വ്യാജമായി ഉപയോഗിച്ച കാര്യം അറിയുന്നത്. മഞ്ചേരി യൂസ്ഡ് കാര്‍ ഷോപ്പില്‍ നിന്നാണ് കാര്‍ വാങ്ങിയതെന്നും ബിമല്‍ പറഞ്ഞു. കെ എല്‍ 04 എഎഫ് 3239 എന്ന നമ്പറിലുള്ള വെള്ള സ്വിഫ്റ്റ് കാറാണ് ബിമല്‍ സുരേഷിന്റേത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവരും ഉപയോഗിച്ചത് വെള്ള സ്വിഫ്റ്റ് കാറായിരുന്നു. അതിന്റെ യഥാര്‍ത്ഥ നമ്പര്‍ മാറ്റി വ്യാജ നമ്പറായിരുന്നു ഘടിപ്പിച്ചത് ബിമലിന്റെ കാറിന്റെ നമ്പറാണ്.