സഹോദരിയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിനു ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. കടയ്ക്കൽ കുമ്മിൾ കണ്ണങ്കോട് ശ്യാമള സദനത്തിൽ അച്ചു എം.നായരെ (26) കൊലപ്പെടുത്തിയ കേസിലാണ് സഹോദരൻ മിഥുന് (36) കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി വി.ഉദയകുമാർ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.
കടയ്ക്കൽ കോടതിയിൽ അഭിഭാഷക ക്ലാർക്കായിരുന്ന അച്ചുവിനെ 2018 ജൂലൈ 21നാണു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയത്. അച്ചുവിനെ കിടപ്പു മുറിയിലാക്കി തലയിൽ മണ്ണെണ്ണ ഒഴിച്ച ശേഷം രക്ഷപ്പെടാതിരിക്കാൻ മുറി പൂട്ടി. തുടർന്നു ബന്ധുക്കളെ വിവരം അറിയിച്ചു. അനിൽകുമാർ എന്ന ബന്ധു വീട്ടിലെത്തി സംസാരിക്കുന്നതിനിടെ അടുക്കളയിലെ ഗ്യാസ് സ്റ്റൗ കത്തിച്ച് അതിൽ നിന്നു കടലാസിൽ തീ പകർന്നു അച്ചുവിന്റെ ശരീരത്തിൽ ഇടുകയായിരുന്നു. മിഥുനും പൊള്ളലേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ 28ന് മരിച്ചു. ഭർത്താവുമായി പിണങ്ങി കുടുംബവീട്ടിൽ താമസിക്കുമ്പോൾ ബന്ധുവായ യുവാവുമായി അച്ചു അടുപ്പത്തിലായി. ഇയാൾ വിദേശത്ത് പോകുന്നതിനു യാത്ര പറയാൻ അച്ചുവിന്റെ വീട്ടിലെത്തിയതാണ് കൊലപാതകത്തിനു കാരണം. മിഥുൻ ഇരുവരെയും മർദിച്ച ശേഷമാണ് അച്ചുവിന്റെ തലയിൽ മണ്ണെണ്ണ ഒഴിച്ചത്.