യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

Advertisement

കണ്ണൂര്‍:നവകേരള സദസിന് ബദലായി യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടിയാണ് കുറ്റവിചാരണ സദസ്സ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ബേപ്പൂരിൽ വി ഡി സതീശനും നേമത്ത് കെ സുധാകരനും താനൂരിൽ പി കെ കുഞ്ഞാലിക്കുട്ടിയും തൃത്താലയിൽ രമേശ് ചെന്നിത്തലയും വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യും.ഇന്ന് 12 നിയോജകമണ്ഡലങ്ങളിലാണ് വിചാരണ സദസ്സ് സംഘടിപ്പിക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ മറ്റു 128 മണ്ഡലങ്ങളിലെ വിചാരണ സദസ്സുകൾ യുഡിഎഫ് എംപിമാരും എംഎൽഎമാരും പ്രമുഖ യുഡിഎഫ് നേതാക്കളും ഉദ്ഘാടനം ചെയ്യും. ഡിസംബർ 2 മുതൽ 22 വരെയാണ് വിചാരണ സദസ്സുകൾ നടക്കുക.

Advertisement