വാർത്താനോട്ടം

Advertisement

2023 ഡിസംബർ 02

BREAKING NEWS

👉ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നംഗ കുടുംബം അറസ്റ്റിലായി.

👉ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍. പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണു അറസ്റ്റിലായത്.

🌴കേരളീയം🌴

🙏പത്തു വര്‍ഷത്തിനകം രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ അമ്പതു ശതമാനവും സ്ത്രീകളായിരിക്കണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എറണാകുളം മറൈന്‍ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകള്‍ക്ക് അധികാരം നല്‍കാതിരിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

🙏ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തരുതെന്ന് ഹൈക്കോടതി. ഇതോടെ സര്‍ക്കാര്‍ വേദി മാറ്റി. വന്യജീവി സംരക്ഷണ മേഖലയില്‍ ശബ്ദശല്യം അടക്കമുള്ളവ അരുതെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളിലാണ് കോടതി ഇങ്ങനെ തീര്‍പ്പാക്കിയത്.

🙏കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണറുടെ നോമിനികളായി സംഘപരിവാര്‍ ബന്ധമുള്ളവരെ ഉള്‍പ്പെടുത്തി. സെനറ്റിലെ 17 പേരില്‍ സര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാര്‍ നേതാക്കളെ ഉള്‍പെടുത്തിയത്.

🙏കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പത്മകുമാറിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ്. ബിസിനസുകാരനായ പത്മകുമാര്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകലെന്നാണു സംശയം.

🙏ആറു വയസുകാരിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം ലഭിച്ചെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്. ഈ സംഘത്തെ പോലീസ് തെരയുകയാണ്. കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച മകള്‍ക്ക് വിദേശത്ത് നഴ്സിംഗ് പഠിക്കാനാണു കുഞ്ഞിന്റെ അച്ഛനായ റെജിക്ക് അഞ്ചു ലക്ഷം രൂപ നല്‍കിയതെന്ന പത്മകുമാറിന്റെ മൊഴിയും കള്ളമാണെന്നാണു പോലീസ് കരുതുന്നത്.

🙏ആറുവയസുകാരിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടു നിന്നു. കുട്ടിയോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിശദീകരിച്ചു.

🙏തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തില്‍ അടുത്ത അഞ്ചു ദിവസവും മഴ തുടരുമെന്നാണ് പ്രവചനം.

🙏ചെന്നൈയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ പോക്സോ കേസിലെ പ്രതി കഴുത്തു ഞെരിച്ചു കൊന്നു. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ (20) പൊലീസ് അറസ്റ്റു ചെയ്തു.

🙏വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. യെമനില്‍ ആഭ്യന്തര കലാപംമൂലം സുരക്ഷിതത്വമില്ലെന്നും സഹായത്തിന് നയതന്ത്രപ്രതിനിധികള്‍ ഇല്ലെന്നുമാണു വിദേശകാര്യ മന്ത്രാലയം നല്‍കിയ വിശദീകരണം.

🙏തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഹൈക്കോടതി മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനു. തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് പരാതിക്കാരിക്കു പിറകിലെന്നും മനു ആരോപിച്ചു. പ്രതിഛായ തകര്‍ക്കാന്‍ വേണ്ടിയും കരിയറും കുടുംബജീവിതവും നശിപ്പിക്കാനുമാണ് പരാതി നല്‍കിയത്. മനു വിശദീകരിച്ചു.

🙏തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്നു. കഴിഞ്ഞ 25 ന് 14,249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. ഇതില്‍ 8775 പേര്‍ ആഭ്യന്തര യാത്രക്കാരും 5474 പേര്‍ രാജ്യാന്തര യാത്രക്കാരുമാണ്.

🙏വെള്ളൂര്‍ കെ.പി.പി.എല്ലിലെ ന്യൂസ് പ്രിന്റ് ഉല്‍പാദനം പുനരാരംഭിച്ചു. പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നു നിലച്ച ന്യൂസ്പ്രിന്റ് ഉല്പാദനമാണ് നവംബര്‍ 28 ന് വൈകുന്നേരം ഏഴു മണിയോടെ പുനരാരംഭിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

🇳🇪 ദേശീയം 🇳🇪

🙏മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്കു മാറ്റി. വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് നിരവധി പരാതി ലഭിച്ചിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് അവധി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതികള്‍. തെരഞ്ഞെടുപ്പു നടന്ന മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെത്തന്നെ നടക്കും.

🙏പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 9,760 കോടി രൂപയുടെ മൂല്യമുള്ള നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

🙏അമ്പതു മീറ്റര്‍ ഉയരമുള്ള മൊബൈല്‍ ടവര്‍ മോഷണം പോയി. ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലെ ഉജ്ജൈനി ഗ്രാമത്തിലാണ് 10 ടണ്ണിലധികം ഭാരമുള്ള ടവര്‍ അജ്ഞാതര്‍ കടത്തിയത്. പോലീസ് കേസെടുത്തു.

🇦🇺 അന്തർദേശീയം 🇦🇽

🙏ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും തമ്മില്‍ ദുബായിയില്‍ കൂടിക്കാഴ്ച നടത്തി. ദുബൈയില്‍ യുഎന്‍ കാലാവസ്ഥ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏഴു ദിവസത്തെ വെടിനിര്‍ത്തലിനു ശേഷം ഇസ്രയേല്‍ ഗാസയില്‍ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചിരിക്കേയാണു ചര്‍ച്ച.

🙏എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യന്‍ സ്ത്രീകളോട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. വലിയ കുടുംബങ്ങളുണ്ടാകണം. മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യയിലെ ജനസംഖ്യ വര്‍ധിപ്പിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.

🙏ഹോങ്കോങ്ങില്‍ തടവുകാര്‍ക്കായി മുഴുവന്‍ സമയ കോളേജ് ആരംഭിച്ചു. ഒരു ചാരിറ്റി ഫണ്ടിന്റെയും ഹോങ്കോംഗ് മെട്രോപൊളിറ്റന്‍ സര്‍വകലാശാലയുടെയും പിന്തുണയോടെയാണു കോളജ് പ്രവര്‍ത്തിക്കുക. സ്റ്റാന്‍ലിയിലെ പാക് ഷാ വാന്‍ കറക്ഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലുള്ള ഈ കോളജ് ‘എത്തിക്സ് കോളജ്’ എന്നാണ് അറിയപ്പെടുക.

🏏 കായികം🏏

🙏ഓസ്ട്രേലിയക്കെ
തിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 20 റണ്‍സിന്റെ വിജയവും പരമ്പര നേട്ടവും. ടോസ് നഷ്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

🙏നാല് ഓവറില്‍ 16 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേലാണ് കളിയിലെ താരം. ഇതോടെ ഒരു മത്സരം ശേഷിക്കേ ഇന്ത്യ 3-1 ന് പരമ്പര സ്വന്തമാക്കി. പരമ്പരയിലെ അടുത്ത മത്സരം നാളെ ബാംഗ്ലൂരില്‍ വെച്ചാണ്.

Advertisement