ചാത്തന്നൂര്‍.അയൽവാസിയായ പത്മകുമാറും കുടുംബവും ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേള്‍ക്കുന്നത്. ചാത്തന്നൂർകാർക്ക് അവിശ്വസനീയത ചെറുതല്ല. നാട്ടുകാരോട് എല്ലാവരോടും തുല്യമായ അടുപ്പവും അകലവും കാത്തുസൂക്ഷിച്ചിരുന്ന പത്മകുമാർ ഇങ്ങനെ ഒരു കേസിൽ പ്രതിയായതിന്റെ അമ്പരപ്പിലാണ് ഓരോരുത്തരും.
ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കുട്ടിയെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം കൊണ്ടുവന്നതെന്ന വെളിപ്പെടുത്തലും നാട്ടുകാരിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ചിറക്കരയിലെ ഫം ഹൗസ്സ് വാങ്ങിച്ചതും നാളുകളായുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ എന്നും നാട്ടുകാർ ചോദിക്കുന്നുണ്ട്. ഫാം തുറന്നു പരിശോധിക്കാൻ ഇന്നലെ നാട്ടുകാരാണ് മുൻകൈയെടുത്തത്.
ഫാം ഹൗസിന്റെ ഗേറ്റുകൾ പോലീസ് പൂട്ടി. നിലവിൽ പോലീസ് സീൽ ചെയ്ത നിലയിലാണ് ചിറക്കരയിലെ ഫാം ഹൗസ്. ഫാം ഹൗസിലെ കന്നുകാലികൾക്കും പത്മകുമാർ അവിടേക്ക് മാറ്റിയ നായ്ക്കൾക്കും ജീവനക്കാരി ഭക്ഷണം നൽകുന്നുണ്ട്. ചാത്തന്നൂരിലെ പത്മകുമാറിന്റെ ബേക്കറിയും നിലവിൽ അടഞ്ഞു കിടക്കുകയാണ്. പത്മകുമാർ എന്തിനുവേണ്ടിയാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്ന് അറിയാനുള്ള ആകാംക്ഷ ചാത്തന്നൂർകാർക്കും ഉണ്ട്. പത്മകുമാറിന് എങ്ങനെ ഇത്രയധികം കടബാധ്യത വന്നു എന്നതാണ് നാട്ടുകാരുടെ പ്രധാന ചോദ്യം.