വാർത്താനോട്ടം

Advertisement

2023 ഡിസംബർ 03 ഞായർ

🌴 കേരളീയം 🌴

🙏മിഷോംഗ് ചുഴലിക്കാറ്റുമൂലം കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

🙏മിഷോംഗ് ചുഴലിക്കാറ്റുമൂലം വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

🙏കൊല്ലം ഓയൂരില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ കുടുംബത്തെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. കുട്ടിക്കടത്തിനാണ് കേസ്. ജീവപര്യന്തം തടവു ശിക്ഷ വരെ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജൂവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളുമുണ്ട്.

🙏കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം. കെഎസ് യു സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന്‍ 889 വോട്ടും എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെ.എസ് അനിരുദ്ധന്‍ 892 വോട്ടും നേടി. കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണിയത്.

🙏കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് മരിച്ചത്. 78 വയസായിരുന്നു. ഇതോടെ ആകെ മരണം ഏഴായി. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചകിത്സയിലാണ്.

🙏സര്‍ക്കാര്‍ ആശുപത്രികളില്‍ പഞ്ചിംഗ് സംവിധാനം വരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പാക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

🙏39 മാസത്തെ ശമ്പള പരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ട് കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശയും. എകെപിസിടിഎയുടെ വനിതാ വിഭാഗം കണ്‍വീനറാണ് ഡോ. ആശ.

🙏നവകേരളയാത്രമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെങ്കിലും സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 1986 ന് മുമ്പേ സ്ഥലം രജിസ്റ്റര്‍ ചെയ്ത രണ്ടു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. പച്ചയായ കൊള്ളയാണിതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

🙏ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റേതെന്നു പോലീസ് പറയുന്ന മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എഎല്‍എ. രണ്ടു കോടി രൂപയുടെ ബാധ്യതയുണ്ടെന്നു പറയുന്നയാള്‍ സാധാരണക്കാരന്റെ മകളെ തട്ടിക്കൊണ്ടുപോയി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കഥ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.

🙏രണ്ടു കൈകളും ഇല്ലാത്ത ഭിന്ന ശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ്. ഇടുക്കി സ്വദേശിനി ജിലുമോള്‍ മേരിയറ്റ് തോമസിനാണ് കാര്‍ ഓടിക്കാനുള്ള ലൈസന്‍സ് നല്‍കിയത്. അഞ്ചു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് മോട്ടോര്‍ വാഹന വകുപ്പ് തടസങ്ങള്‍ നീക്കി ലൈസന്‍സ് നല്‍കിയത്. ജിലുമോള്‍ക്കു കാലുകൊണ്ടും ശബ്ദസന്ദേശംകൊണ്ടും നിയന്ത്രിക്കാവുന്ന കാര്‍ രൂപപ്പെടുത്തി. രൂപമാറ്റത്തിന് മോട്ടോര്‍ വാഹനവകുപ്പ് അംഗീകാരം നല്‍കുകയും ചെയ്തു. നവംബര്‍ മുപ്പതിന് ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസന്‍സ് നല്‍കി. ഇരു കൈകളുമില്ലാത്തയാള്‍ക്കു രാജ്യത്തു ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ വ്യക്തിയാകും ജിലുമോള്‍. ജിലുമോള്‍ കാലുകൊണ്ടു വരച്ച മുഖ്യമന്ത്രിയുടെ ചിത്രം നവകേരള സദസ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു സമ്മാനിച്ചു.

🙏യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മലയാളി വനിത നിമിഷപ്രിയയുടെ അമ്മ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യമന്‍ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

🙏ഇടുക്കി നെല്ലിപ്പാറയില്‍ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളില്‍ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍. വാഴവര മോര്‍പ്പാളയില്‍ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്‌സിന്റെ(52) മൃതദേഹമാണ് കണ്ടെത്തിയത്. നാലു മാസം മുന്‍പാണ് ജോയ്സും ഭര്‍ത്താവ് ജെ എബ്രഹാമും കാനഡയില്‍നിന്ന് നാട്ടിലെത്തിയത്.

🙏കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. ഗോവയില്‍നിന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് ഓംപ്രകാശിനെ പിടികൂടിയത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ പ്രതിയായ ഓം പ്രകാശ് ഒളിവിലായിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോംഗ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്ത മഴക്കും സാധ്യത. തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കര തൊടുക. ചെന്നൈ അടക്കം നാലു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

🙏സമരം ചെയ്ത കര്‍ഷക നേതാക്കളെ വേട്ടയാടുകയും അറസ്റ്റു ചെയ്യുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 11 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷക നേതാക്കള്‍ക്കെതിരെ എന്‍ഐഎ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കര്‍ഷക സമരകാലത്തെ കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

🙏ഉത്തര്‍പ്രദേശില്‍ റോഡുകള്‍ മിനുങ്ങുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശാനുസരണം ഈ വര്‍ഷം സംസ്ഥാനത്തെ 77,000 റോഡുകള്‍ കുഴിമുക്താക്കി. 83,000 ലധികം റോഡുകള്‍ കുഴിമുക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ലക്ഷ്യം നേടി.

🙏ഐജിഎസ്ടിയില്‍ നിന്ന് കര്‍ണാടകയുടെ വിഹിതം 798 കോടി രൂപ കുറച്ചതില്‍ വിശദീകരണം തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തെഴുതി. വിഹിതം വെട്ടിക്കുറക്കുന്നത് സംസ്ഥാന ധനകാര്യത്തിന്റെ ട്രഷറി മാനേജ്മെന്റിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

🇦🇺 അന്തർദേശീയം 🇦🇽

🙏മഞ്ഞുവീഴ്ചമൂലം ജര്‍മ്മനിയിലെ മ്യൂണിക് വിമാനത്താവളം അടച്ചു. 320 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

🙏ഫിലിപ്പീന്‍സിലെ മിന്ദനാവോ ദ്വീപിനു സമീപം ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ഫിലിപ്പീന്‍സിലും ജപ്പാനിലും സുനാമി മുന്നറിയിപ്പുണ്ട്.

🏏 കായികം

🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മോഹന്‍ ബഗാന്‍. കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ബഗാന്‍ പോയന്റ് പട്ടികയില്‍ നിലവില്‍ മൂന്നാമതാണ്.

🙏ഓസ്ട്രേലിയക്കെ
തിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അഞ്ചാമത്തെ മത്സരം ഇന്ന് ബാംഗ്ളൂരില്‍ വൈകീട്ട് 7 മണിക്ക്. നാലാമത്തെ മത്സരത്തില്‍ വിജയിച്ച ഇന്ത്യ 3-1 ന് പരമ്പര സ്വന്തമാക്കിയിരുന്നു.

🙏അണ്ടര്‍ 17 ഫുട്ബോള്‍ ലോകകിരീടം ജര്‍മനിക്ക്. ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന് കീഴടക്കിയാണ് ജര്‍മനി തങ്ങളുടെ ആദ്യ അണ്ടര്‍ 17 ലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിത 90-മിനിറ്റില്‍ ഇരുടീമുകളും രണ്ട് ഗോള്‍വീതമടിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

Advertisement