സംസ്ഥാനത്ത് തട്ടിപ്പിന് ഉപയോഗിച്ച 3200 ഫോണുകളും ടാബുകളും നിർവീര്യമാക്കി

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി. നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (ട്രായ്) നിര്‍ജീവമാക്കിയത്.

ഈ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച 1800 സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ ഉള്‍പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതില്‍ ആയിരത്തോളം ഫോണുകള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കമ്പനികളുടേതാണെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ ലോണ്‍ ആപ്പ് വഴി വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനുപയോഗിച്ചവയാണ് കൂടുതലും.

കേരളത്തില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. 173 ലോണ്‍ ആപ്പുകളും നിരോധിച്ചിട്ടുണ്ട്. ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം 1427 പരാതിക്കാരാണ് പൊലീസിന്‍റെ സഹായം തേടിയെത്തിയത്. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.

2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്.

സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും. അത്തരത്തിലാണിപ്പോൾ ട്രായ് നടപടിയെടുത്തത്. നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്. കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകൾക്ക് ഉപയോഗിച്ച ഫോണുകളും ടാബുകളും പൊലീസ് നിരീക്ഷിച്ച് ട്രായിക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.