പൊതുസ്ഥലങ്ങളിലെ ഹോട്ട് സ്പോട്ട് ഉപയോഗം ശ്രദ്ധിക്കണം

Advertisement

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്.
പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ല. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യുപിഐ ഐഡിയും ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈഫൈ മുഖേന ചോരാൻ സാധ്യതയേറെയാണ്.

ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പരുകൾ, ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുതെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു.

ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www. cybercrime. gov. in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യാം. ഒരു മണിക്കൂറിനകം വിവരം 1930 ൽ അറിയിച്ചാൽ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തിൽ കഴിയുകയും ചെയ്യും.