ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാന്‍ഡിലായ ചാത്തന്നൂര്‍ മാമ്പള്ളികുന്നം കവിതാലയത്തില്‍ കെ.ആര്‍. പത്മകുമാര്‍ (52), ഭാര്യ എം.ആര്‍. അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കാനായി കൊട്ടാരക്കര ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ പോലീസ് ഇന്ന് അപേക്ഷ നല്കും. കസ്റ്റഡിയില്‍ ലഭിക്കുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും. തെളിവെടുപ്പും പൂര്‍ത്തിയാക്കും.
പത്മകുമാര്‍ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലുമാണുള്ളത്.
തമിഴ്‌നാട് പുളിയറയില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പ്രതികള്‍ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച കൊട്ടാരക്കര കോടതി യില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കടബാധ്യതകള്‍ മറികടക്കാന്‍ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യമായി പത്തുലക്ഷം വാങ്ങിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷനു പോയ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിയെടുത്തത്. രാത്രി ഏഴേകാലോടെ അമ്മയുടെ ഫോണിലേക്ക് 10ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളി എത്തി. പോലീസ് അന്വേഷണം ശക്തമാക്കിയതോടെ അടുത്ത ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനിയില്‍ ഉപേക്ഷിക്കുകയായിരുന്നു.