ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണം,മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

Advertisement

തിരുവനന്തപുരം . ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്. കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനത്തിൽ അനധികൃതമായി ഇടപെട്ടു എന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ആർ ബിന്ദുവിന് തൽസ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്നും പ്രതിപക്ഷ നേതാവ്.

കണ്ണൂർ വി സി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണ്. കേരള നിയമസഭ പാസാക്കിയ നിയമത്തിൽ വിസി നിയമനത്തിൽ പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതിനാൽ മന്ത്രിയുടെ ഇടപെടൽ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് കത്തിൽ കുറ്റപ്പെടുത്തുന്നു.

ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് പരമോന്നത നീതിപീഠം തന്നെയാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിൽ ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെടുന്നു. സുപ്രീംകോടതി വിധിയിലെ വിവിധ വാചകങ്ങൾ കൂടി രേഖപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. വിഷയത്തിൽ മന്ത്രി ആർ ബിന്ദുവിനെ ലക്ഷ്യം വെച്ച് യുഡിഎഫ് സമരപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisement