കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് ഏഴു വർഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.
കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് ശിക്ഷിച്ചത്. ഏഴു വർഷത്തെ കഠിന തടവിന് പുറമെ 50000 രൂപ പിഴയും അടയ്ക്കണം. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്.
ഈവർഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വടകര അഴിയൂരിൽ പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വടകര മേമുണ്ടയിലെ ഗവ. സ്കൂളിലെ അധ്യാപകനായ ലാലുവിനെ (45) ചോമ്പാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് വിദ്യാർത്ഥിനി പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ മൊഴിയെടുത്തശേഷം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.