കൊച്ചി. അന്തരിച്ച ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസിന്‍റെ സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ജന്മദേശമായ ഓച്ചിറ ക്ളാപ്പന സെന്‍റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ നടക്കും. കലൂര്‍ പുതിയ റോഡിലെ വസതിയില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് ആറുവരെ നടക്കും.ബുധനാഴ്ച രാവിലെ 7മുതല്‍ 10.30വരെ ക്ളാപ്പന ഇത്താം തറയില്‍ വീട്ടില്‍ പൊതു ദര്‍ശനം നടക്കും. സംസ്കാരശുശ്രൂഷയ്ക്ക് കൊല്ലം ബിഷപ് റൈറ്റ് റവ.പോള്‍ ആന്‍റണി മുല്ലശേരിയുടെയും മുന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍റേയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.
കൊല്ലം ക്ലാപ്പനയിലെ പ്രശസ്തമായ ഇത്താന്തറ കുടുംബത്തിലെ ലിയോൺ ഫെർണാന്റസിന്റെയും , ക്ലാപ്പനയിലെ തന്നെ പ്രശസ്തമായ കുന്നുതറ കുടുബാംഗമായ വിക്ടോറിയ ഫെർണാന്റസിന്റെയും സീമന്തപുത്രനായി 1949 ജൂൺ 26 ന് ആണ് ക്രിസ്റ്റിഫെർണാന്റസ് ജനിച്ചത്. ക്ലാപ്പനയിലെ ആദ്യ ബിരുദാനന്തര ബിരുദധാരിയും അദ്ധ്യാപകനുമായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ലിയോൺ ഫെർണാണ്ടസ് 1950 ൽ, ക്രിസ്റ്റി കുഞ്ഞായിരിക്കുമ്പോൾ തന്നെ മരണപ്പെടുകയുണ്ടായി. മാതാവിന്റെ സംരക്ഷണയിൽ കുട്ടിക്കാലം പിന്നിട്ട ക്രിസ്റ്റി ഫെർണാന്റസിന്റെ പ്രാഥമിക വിദ്യാഭ്യാസം ക്ളാപ്പന അമ്പട്ടായി സെന്റ് ജോസഫ്സ് LPS ലും ഹൈസ്കൂൾ വിദ്യാഭ്യാസം കൊല്ലം ക്രിസ്തു രാജിലുമാണ് പൂർത്തിയാക്കിയത്. പഠനത്തിൽ അതിസമർത്ഥനായിരുന്ന ക്രിസ്റ്റി കോളജ് വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടമായ പ്രീഡിഗ്രി കൊല്ലം ഫാത്തിമ കോളജിലാണ് പൂർത്തീകരിച്ചത്. തുടർന്ന് ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം പൂർത്തീകരിച്ചത് തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലായിരുന്നു. ജന്തുശാസ്ത്രത്തിൽ B.Sc. ബിരുദവും M.Sc. ബിരുദാനന്തരബിരുദവും കേരളാ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോട് കൂടിയായാണ് അദ്ദേഹം പാസ്സായത്.
കേരളാ ഇലക്ട്റ്റ്റിസിറ്റി ബോർഡ് സെക്രട്ടറിയായി വിരമിച്ച പിതൃ സഹോദരി ഡെയ്സി ഫെർണാന്റസിന്റെ രക്ഷാകർതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഉന്നത വിദ്യാഭ്യാസ കാലഘട്ടം അദ്ദേഹം പൂർത്തീകരിച്ചത്. തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ജന്തുശാസ്ത്ര വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയായി എൻറോൾ ചെയ്യപ്പെട്ടു.
എന്നാൽ ക്രിസ്റ്റി ഫെർണാന്റസിന്റെ ബൗദ്ധികമായ കഴിവിൽ പൂർണ വിശ്വാസമുണ്ടായിരുന്ന ഡെയ്സി ഫെർണാണ്ടസിന്റെയും യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെയും ആഗ്രഹമനുസരിച്ച് സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹം ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസ് തെരഞ്ഞെടുക്കുകയാണുണ്ടായത്. ഒരു വിധ കോച്ചിoഗിനോ മറ്റ് പഠന പ്രകിയകൾക്കോ വിധേയനാകാതെ ഗവേഷണത്തോടൊപ്പമുള്ള സ്വയം പഠനം വഴിയാണ് ആദ്യ പരീക്ഷയിൽ തന്നെ അദ്ദേഹം IAS ഉന്നത വിജയം കരസ്ഥമാക്കിയത്.
1973 ൽ ഗുജറാത്ത് കേഡറിൽ അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ക്രിസ്റ്റി ഫെർണാണ്ടസ് , ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ ഏറ്റവും ഉന്നത പദവി ( ഇൻഡ്യൻ പ്രസിഡന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ) യിൽ 5
വർഷത്തെ സേവനത്തിന് ശേഷം 2012 ൽ ആണ് റിട്ടയർ ചെയ്തത്.
ജില്ലാ കളക്ടർ, കേന്ദ്ര – സംസ്ഥാന ഗവൺമെന്റ് തലങ്ങളിൽ ആഭ്യന്തരം, കൃഷി, ആരോഗ്യം, ധനകാര്യം, പെട്രോളിയം, വ്യവസായം, കൊമേഴ്സ്, അർബൻ ഡവലപ്മെന്റ്, ടൂറിസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് ഡയറക്ടർ, ജോയിന്റ് സെകട്ടറി, അഡീഷണൽ സെകട്ടറി, പ്രിൻസിപ്പൽ സെകട്ടറി, സെകട്ടറി എന്നീ തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ച് കൊണ്ടിരുന്ന സമയത്താണ് ഇൻഡ്യൻ പ്രസിഡന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയി ഡോ. ക്രിസ്റ്റി ഫെർണാ ന്റസ് നിയമിതനാകുന്നത്.
ഔദ്യോഗിക സേവന കാലയളവിൽ തന്നെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും പല കമ്പനികളുടെയും ചെയർമാനും ചെയർമാൻ കം മാനേജിംഗ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യക്ഷമവും ജനക്ഷേമകരവുമായ അത്തരം പ്രവർത്തനങ്ങളുടെ ഫലമായി കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അക്കാലയളവിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള ദേശീയ അവാർഡുകളും ലഭ്യമായിട്ടുണ്ട്. കേരളത്തിൽ അദ്ദേഹം കയർ ബോർഡ് ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ ആയിരിക്കുമ്പോഴാണ് എക്സ്പോർട്ട് ക്രഡിറ്റ് ഗാരന്റി ഓപ്പറേഷൻ ഇനത്തിൽ പ്രധാനമന്ത്രിയുടെ ബെസ്റ്റ് പെർഫോമിംഗ് പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡ് ലഭിക്കുന്നത്.
1987-ൽ അദ്ദേഹം ഫിഷറീസ് കമ്മീഷണർ ആയിരിക്കെയാണ് ഏറ്റവും കൂടുതൽ മറൈൻ ഫിഷറീസ് ഉല്പാദനത്തിനുള്ള നാഷണൽ പ്രൊഡക്ടിവിറ്റി അവാർഡ് ലഭിക്കുന്നതും.
2006-ൽ കേന്ദ്ര വ്യവസായവകുപ്പ് അഡീഷണൽ സെക്രട്ടറിയായിരിക്കെ ഇൻഡ്യ – ചൈന വ്യാപാരത്തിനായി അതിർത്തിയിലെ നാഥുലാ പാസ്സ് വഴിയുള്ള ചരക്ക് നീക്കം സാദ്ധ്യമാക്കിയത് നയതന്ത്ര ചാതുരിയോടെയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളാണ്.
2010-ൽ കേരളത്തിലേക്ക് പ്രസിഡന്റ്സ് ട്രോഫി വള്ളം കളി കൊണ്ടുവരുന്നതിനും ആലപ്പുഴയുടെ മാസ്റ്റർ പ്ലാനിനും അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് കേരളീയർക്ക് മറക്കാനാവില്ല.
സർവീസ് കാലഘട്ടത്തിലുടനീളം അദ്ദേഹം പുലർത്തിയ ഉയർന്ന കാര്യക്ഷമത,നീതിബോധം , സംഘാടനപാടവം, ലളിതമായ ജീവിത രീതി, ഉൽകൃഷ്ടമായ മനുഷ്യ സ്നേഹത്തിലും സേവന തൽപരതയിലും ഊന്നിയ പ്രവർത്തനങ്ങൾ എന്നിവയാണ് മറ്റു സാധാരണ I A S ഉദ്യോഗസ്ഥന്മാരിൽ നിന്നും ഡോ. ക്രിസ്റ്റി ഫെർണാ ന്റസിനെ വ്യത്യസ്തനാക്കുന്നത്.
റിട്ടയർമെന്റിന് ശേഷം കേരള സർക്കാർ 2016 ൽ അദ്ദേഹത്തെ KSIDC ചെയർമാനായി നിയമിക്കുകയും, ആ സേവന കാലത്തിന് ശേഷം മൈനോറിറ്റി കമ്മീഷനംഗമായി വീണ്ടും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയുമുണ്ടായി. 2023 മെയ് 31 ന് ആ പദവിയിൽ നിന്ന് വിരമിക്കുന്നതു വരെയും സദാ കർമ നിരതനായിരുന്നു അദ്ദേഹം.
തന്റെ പിതാവായ ലിയോൺ ഫെർണാണ്ടസിന്റെ പേരിൽ സ്ഥാപിതമായിട്ടുള്ള ലിയോൺ മെമ്മോറിയൽ ഫൗണ്ടേഷൻ കഴിഞ്ഞ 20-25 വർഷങ്ങളായി കേരളത്തിലും ഇന്ത്യയിലുടനീളവും വ്യാപിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇൻഡ്യയിലങ്ങോളമിങ്ങോളമുള്ള തന്റെ സ്വാധീനമുപയോഗിച്ച് ഫൗണ്ടേഷൻ വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.
തന്റെ തുടർന്നുള്ള ജീവിത കാലം ക്ലാപ്പനയിലെ ജനസേവന പ്രവർത്തനങ്ങളുമായി തുടരുക എന്ന ലക്ഷ്യത്തോടെ 2022 ൽ പുതുക്കി പണിത ഇത്താന്തറ കുടുംബ വീട് കേന്ദ്രീകരിച്ച് പുതിയ പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വട്ടപ്പാറയിലെ പ്രശസ്തമായ പൊൻകുന്നം കരിപ്പാട്ടുകുന്നേൽ കുടുംബാംഗവും അദ്ധ്യാപികയുമായ ശ്രീമതി ചാച്ചിമാ ക്രിസ്റ്റി ആണ് ഡോ. ക്രിസ്റ്റി ഫെർണാണ്ടസിന്റെ സഹധർമിണി.
ഉയർന്ന ഔദ്യോഗിക പദവികളിൽ
പ്രവർത്തിയ്ക്കുന്ന മകൻ ജോ ക്രിസ്റ്റിയും മകൾ ലിയോണാ ക്രിസ്റ്റിയും കുടുംബ സമേതം അമേരിക്കയിലാണ്.