കെ റെയില്‍ സമരസമിതിയുടെ സമര വാഴക്കുല ലേലത്തില്‍ പോയത് 40,300 രൂപയ്ക്ക്. ആലുവ സമര സമിതി നടത്തിയ ലേലം വിളിയില്‍ 8 കിലോ ഭാരമുള്ള പാളയന്‍ കോടന്‍ പഴമാണ് റെക്കോര്‍ഡ് വിലയ്ക്ക് ലേലം വിളിച്ചു പോയത്. പൂക്കാട്ടുപടിക്ക് സമീപം കെ റെയില്‍ കുറ്റി പിഴുത് മാറ്റി അതേ കുഴിയിലാണ് വാഴ നട്ടത്. ടി.എസ്. നിഷാദ് പൂക്കാട്ടുപടിയാണ് വാഴക്കുല ലേലം വിളിച്ച് എടുത്തത്.
കഴിഞ്ഞ മാസം കൊച്ചിയിലെ പുളിയനത്ത് കെ റെയില്‍ സമരസമിതി നട്ടുവളര്‍ത്തിയ വാഴക്കുലയ്ക്കും റെക്കോര്‍ഡ് വില ലഭിച്ചിരുന്നു. എറണാകുളം പുളിയനം സ്വദേശി ജോസിന്റെ പറമ്പില്‍ വിളഞ്ഞ വാഴക്കുലയ്ക്ക് 83300 രൂപയാണ് വില കിട്ടിയത്. വാഴക്കുലയുടെ വലിപ്പത്തിലോ ഗുണത്തിലോ ഒന്നുമല്ല പ്രത്യേകത. അതിന്റെ ലക്ഷ്യം ഏറെ വലുതായത് കൊണ്ടാകാം, വാഴക്കുല 83300 രൂപയ്ക്ക് ലേലത്തില്‍ പോയത്.