ജീരക സോഡയില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തില്‍ സോഡ നിര്‍മാണ കേന്ദ്രം അടച്ചുപൂട്ടി. കോഴിക്കോട് മുക്കത്ത് ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുക്കം കടവ് പാലത്തിന് സമീപത്ത തട്ടുകടയില്‍ നിന്നും മുക്കം മുത്തേരി സ്വദേശി വിനായക് എന്ന യുവാവ് വാങ്ങിയ ജീരക സോഡയിലായിരുന്നു ചത്ത എലിയെ കണ്ടത്തിയത്.
സോഡ കുടിച്ചു തുടങ്ങിയ ഉടന്‍ യുവാവിന് രുചി വ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ചര്‍ദ്ദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായ വിനായകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സോഡ നിര്‍മാണ കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയില്‍ തിരുവമ്പാടിയിലെ സോഡ നിര്‍മാണ കേന്ദ്രം മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ സോഡ നിര്‍മാണ കേന്ദ്രം അടച്ചു പൂട്ടുകയായിരുന്നു.