‘ജനിച്ച അന്ന് തന്നെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചു’ പ്രതി ഷാനിഫിൻറെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്

Advertisement

കൊച്ചി: എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിൻറെ കൊലപാതകത്തിൽ അമ്മയുടെ ആൺസുഹൃത്തായ പ്രതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പൊലീസിന് മൊഴി നൽകി. ഒരു മാസത്തോളമായി അവസരത്തിനായി കാത്തിരുന്നുവെന്നും ലോഡ്ജിൽ മുറി എടുത്തത് കൊല്ലാൻ ഉറപ്പിച്ചാണെന്നും ഷാനിഫ് പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊല്ലാൻ ആസൂത്രണം ചെയ്താണ് പ്രതി ലോഡ്ജിൽ മുറിയെടുത്തതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ഷാനിഫും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി അപ്പോൾ 4 മാസം ഗർഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ പേരിൽ അശ്വതിയും പങ്കാളി ഷാനിഫും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല.കൊലപാതകത്തിൽ ഷാനിഫിനൊപ്പം കുഞ്ഞിൻറെ അമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. ഞായറാഴ്ച രാവിലെ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ട‍ർ സംശയത്തെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. ഉടൻ അമ്മയെയും പങ്കാളിയെയു പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം.