ഓടിക്കൊണ്ടിരിക്കെ വാൻ തീഗോളമായി, പെയിൻറ് ടിന്നുകൾ പൊട്ടിത്തെറിച്ചു, സംഭവം മേലാറ്റൂർ – പെരിന്തൽമണ്ണ റോഡിൽ

Advertisement

മലപ്പുറം: മേലാറ്റൂരിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് വാൻ പൂർണമായും കത്തിനശിച്ചു. പുക കണ്ട് പുറത്തേക്കിറങ്ങിയ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേലാറ്റൂർ – പെരിന്തൽമണ്ണ റോഡിൽ വേങ്ങൂർ സായിബുംപടിയിൽ ഹെൽത്ത് സെന്ററിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 1.50നാണ് സംഭവം.

പുക ഉയരുന്നത് കണ്ട് കോട്ടക്കൽ സ്വദേശിയായ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂരിലേക്ക് പെയിന്റുമായി വന്ന വാനാണ് കത്തിനശിച്ചത്. വാഹനത്തിനകത്തേക്ക് തീ പടർന്നതോടെ പെയിന്റ് ടിന്നുകൾ പൊട്ടിത്തെറിച്ചു.

പെരിന്തൽമണ്ണയിൽ നിന്ന് അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കില്ല. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ സജു, ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ ജെയ്കിഷ്, മുഹമ്മദ് ഷിബിൻ, കിഷോർ, രാജേഷ്, റംഷാദ്, ഉണ്ണി കൃഷ്ണൻ, രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.