തിരുവനന്തപുരം:
മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയത്തെ നേരിടുന്ന തമിഴ്‌നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. തമിഴ്‌നാട്ടിൽ ഇതിനകം 5000-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് അഭ്യർഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാൻ തമിഴ്‌നാടിനൊപ്പം നിൽക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്.