കൊച്ചി.മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ ഇഡിയ്ക്ക് അനുവാദം നൽകിയ സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയിൽ നൽകിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. സമൻസ് അയക്കാൻ സിംഗിൾ ബഞ്ച് അനുമതി നൽകിയത് മതിയായ കാരണങ്ങൾ ഇല്ലാതെ എന്നാണ് ഹർജിയിലെ വാദം.
ഇ ഡി സമൻസ് കൃത്യമായ കാര്യങ്ങൾ പറയാതെയാണെന്നും തന്റെ വ്യക്തിഗത വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നേരെത്തെ തോമസ് ഐസക് സിംഗിൾ ബെഞ്ചിനെ സമീപിച്ചു സമൻസ് അയക്കുന്നത് തടഞ്ഞത്. എന്നാൽ സമൻസ് പുതുക്കി നൽകാം എന്ന് ഇ ഡി അറിയിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ് പുതുക്കി പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയത്. മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിചെന്നും ഫെമ നിയമലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്‌ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്.