തിരുവനന്തപുരം: പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക് ജി എസ് ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജി എസ് ടി നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത് ജി എസ് ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്ക്ക് 28 ശതമാനം ജി എസ് ടി നിശ്ചയിച്ചിരുന്നു.
നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും തീരുമാനിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ജി എസ് ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജി എസ് ടി നിയമത്തിൽ കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്. ഓൺലൈൻ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ജി എസ് ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുളള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തും. ഭേദഗതികൾക്ക് 2023 ഒക്ടോബർ 1 മുതൽ പ്രാബല്യം നൽകിയായിരിക്കും ഓർഡിനൻസ് ഇറക്കുക.