തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹഡോക്ടറുമായ ഡോ.ഇ.എ.റുവൈസിനെ കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടർ വൻതുക സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടർന്നാണു കേസ്. ഷഹ്നയുടെ മുറിയിൽനിന്നു കണ്ടെടുത്ത കുറിപ്പിൽ സ്ത്രീധന പ്രശ്നത്തെക്കുറിച്ച് പരാമർശമോ ആർക്കെങ്കിലും എതിരെ ആരോപണമോ ഇല്ലാത്തതിനാൽ അസ്വാഭാവിക മരണത്തിനു മാത്രമാണ് നേരത്തെ കേസെടുത്തിരിക്കുന്നത്. ‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’– ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
റുവൈസിനെ മെഡിക്കൽ കോളജ് പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.