കൊച്ചി.മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസകിന് ആശ്വാസം. ഇഡിക്ക് പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച് അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
ഇഡി കേസില്‍ മുന്‍ധനമന്ത്രി തോമസ് ഐസകിനെ സംബന്ധിച്ച് ആശ്വാസകരമായ ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്.
തോമസ് ഐസകിനും കിഫ്ബിക്കും സമന്‍സ് നല്‍കാനാവില്ല. ഒരേ ഹർജിയിൽ ഒരു സിംഗിൾ ബഞ്ചിട്ട ഇടക്കാല ഉത്തരവ് പരിഷ്കരിച്ച് ഉത്തരവിടാൻ മറ്റൊരു സിംഗിൾ ബഞ്ചിനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സാങ്കേതികമായി സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി വിശദമായി കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും സിംഗിള്‍ ബെഞ്ചിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ് ,ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്. ഇന്നലെ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിനു മുന്നിൽ വന്നെങ്കിലും ഇന്ന് പുതിയ ബഞ്ചിലേക്ക് പരിഗണിക്കാനായി മാറ്റുകയായിരുന്നു . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിലെ ജസ്റ്റിസ് വി.ജി അരുണാണ് സമൻസ് തടഞ്ഞ് നേരത്തെ ഇടക്കാല ഉത്തരവിട്ടതെന്നു ഇ.ഡിയ്ക്കു വേണ്ടി ഹാജരായ എ.എസ്.ജി അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.