കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നേരെ ആക്രമണം; കാര്‍ യാത്രക്കാര്‍ക്കെതിരെ കേസ്

Advertisement

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ കാര്‍ യാത്രക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് സര്‍വീസ് നടത്തിയ സ്വിഫ്റ്റ് എസി ബസിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ബസ് രാത്രി അമ്പലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബസ് യാത്ര തടസപ്പെടുത്തി കാറോടിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മര്‍ദ്ദനമുണ്ടായതെന്ന് ജീവനക്കാരുടെ പരാതിയില്‍ പറയുന്നു. മദ്യലഹരിയിലെത്തിയ സംഘമാണ് മര്‍ദ്ദിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും സംഘം കയ്യേറ്റം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. കാറിലെത്തിയ ഒരു സംഘം യുവാക്കള്‍ ബസ് തടഞ്ഞ് ജീവനക്കാരെ അതിക്രൂരമായാണ് മര്‍ദ്ദിച്ചതെന്ന് കെഎസ്ആര്‍ടിസിയും അറിയിച്ചു.

കഴിഞ്ഞദിവസം കൊച്ചിയിലും സമാനസംഭവമുണ്ടായിരുന്നു. മുട്ടത്ത് വച്ച് സ്‌കൂട്ടര്‍ യാത്രികനാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചത്. സ്‌കൂട്ടര്‍ ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മര്‍ദ്ദനമുണ്ടായതെന്ന് ഡ്രൈവര്‍ പരാതിയില്‍ പറഞ്ഞു. സ്‌കൂട്ടര്‍ നടുറോഡില്‍ ബസിന് വട്ടം നിര്‍ത്തി ഇറങ്ങിയ ശേഷം, ബസിന്റെ ഡ്രൈവര്‍ സീറ്റ് ഡോര്‍ തുറന്ന് ആക്രമിക്കുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തി, മര്‍ദ്ദിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവന്നിരുന്നു.