ഡോക്ടർ ഷഹന ആത്മഹത്യ ചെയ്തകേസില്‍ അറസ്റ്റിലായ സുഹൃത്ത് റുവൈസ് റിമാന്‍ഡില്‍

Advertisement

തിരുവനന്തപുരം. യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്തകേസില്‍ അറസ്റ്റിലായ സുഹൃത്ത് റുവൈസ് റിമാന്‍ഡില്‍. കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ അറസ്റ്റുചെയ്ത ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് റുവൈസിനെ ആരോഗ്യവകുപ്പിൽ നിന്ന് സസ്പെൻഡ് ചെയ്തു.

റുവൈസ് കൂടുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ടതും അത് നൽകാൻ കഴിയാതെ വന്നതുകൊണ്ടുമാണ് ഷഹന ആത്മഹത്യ ചെയ്തത്. കൂടുതൽ തുക നൽകാനുള്ള സാമ്പത്തിക സ്ഥിതി ഷഹനയ്ക്ക് ഉണ്ടായിരുന്നില്ല. കല്യാണത്തിൽ നിന്ന് റുവൈസ് പിന്മാറിയതോടെ ഷഹന ഡിപ്രഷനിലായി. ഇതിന് പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. റുവൈസിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ തെളിവുകളും ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഷഹനയുടെ മുറിയിൽ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പും ബന്ധുക്കളുടെ മൊഴിയും അറസ്റ്റിലേക്ക് നയിച്ചു.

ഷഹനയുടെ ആത്മഹത്യ അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീധനത്തിനെതിരെ പ്രതികരിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം.

സ്ത്രീധനം ആവശ്യപ്പെടുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. റുവൈസിനെ ആരോഗ്യവകുപ്പിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മന്ത്രി അറിയിച്ചു.

കുറ്റം തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ സർവകലാശാല വി.സി പ്രതികരിച്ചു. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. റുവൈസിന്റെ കുടുംബത്തിലേക്കും പോലീസ് അന്വേഷണം നീളുമെന്ന് ഉറപ്പാണ്.