തിരുവനന്തപുരം.സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമർശത്തിൽ വിവാദം ശക്തമാകുമ്പോഴും മൗനം തുടർന്ന് മുസ്ലിം ലീഗും കോൺഗ്രസും. പരാമർശം അപക്വമെന്ന് മുസ്ലിം സം ഘടകളായ എം ഇ എസും കെ എൻ എമ്മും പ്രതികരിച്ചിരുന്നു.
മിശ്രവിവാഹം പോലുള്ള വിഷയങ്ങളിൽ മതപണ്ഡിതർ ശ്രദ്ധയോടെ വേണം അഭിപ്രായം പറയാനെന്നും പരാമർശം സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്നതാകരുത് എന്നുമായിരുന്നു എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെയും കേരള നെദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ. ഐ പി അബ്ദുൽ സലാമിന്റെയും പ്രതികരണം.
നാസർ ഫൈസിയെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. മിശ്രവിവാഹങ്ങളെ ആർക്കും തടയാനാകില്ലെന്നും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മിശ്ര വിവാഹ ബ്യൂറോയുമായി നടക്കുകയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുകയാണെന്നും അതിനു പിന്നിൽ പ്രവർത്തിക്കുന്നത് സിപിഐഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആണ് എന്നുമായിരുന്നു നാസർ ഫൈസിയുടെ പരാമർശം.