ഇടുക്കി. കുമളിയിൽ നവകേരള സദസ്സിൻറെ പ്രചരണാർത്ഥം സംഘടിപ്പിച്ച കാളയോട്ട മത്സരത്തിൽ അപകടം. നിയന്ത്രണം വിട്ട കാളവണ്ടികൾ ടൗണിലൂടെ എത്തിയ വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. സിപിഐഎമ്മും ഇടതു കർഷക സംഘടനകളും ചേർന്നാണ് കാളയോട്ട മത്സരം നടത്തിയത്.
നവകേരള സദസിന്റെ പീരുമേട് മണ്ഡലത്തിലെ പ്രചരണാർത്ഥമാണ് കാളയോട്ട മത്സരം കുമളിയിൽ നടത്തിയത്. തിരക്കേറിയ ടൗണിലൂടെ ആയിരുന്നു മത്സരം. തേനിൽ നിന്നും വന്ന ആറ് കാളവണ്ടികൾ ഒരുമിച്ച് പാഞ്ഞതോടെ നിയന്ത്രണം നഷ്ടമായി. വാഹനങ്ങളിലേക്ക് കാളവണ്ടികൾ ഇടിച്ചു കയറി. കുറച്ചു ദൂരം ഒരു ചക്രത്തിലാണ് കാളവണ്ടി ഓടിയത്. ജീപ്പിനും ഓട്ടോറിക്ഷക്കും കേടുപാട് സംഭവിച്ചു. മറ്റൊരു വണ്ടി ആൾക്കാർക്ക് നേരെ പാഞ്ഞടുത്തു. ജനങ്ങൾ ഓടിമാറിയതിനാൽ അപകടം ഒഴിവായി.
ശബരിമല തീർത്ഥാടകർ ഉൾപ്പെടെ സഞ്ചരിക്കുന്ന ദേശീയപാതയിൽ ഉൾപ്പെടെയാണ് മതിയായ മുൻകരുതൽ ഇല്ലാതെ കാളവണ്ടിയോട്ട മത്സരം നടത്തിയത്. മൃഗങ്ങളെ വിനോദങ്ങൾക്കും അഭ്യാസപ്രകടനങ്ങൾക്കും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശവും ലംഘിക്കപ്പെട്ടു. കാളവണ്ടി ഉപയോഗിച്ച് വിളംബര ജാഥ നടത്തുമെന്നാണ് അറിയച്ചിരുന്നതെന്നും സംഭവത്തിൽ പരാതി കിട്ടിയാൽ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.