സംസ്ഥാനത്തിന്റെ കടക്കെണി; സ്‌കൂള്‍ കലോത്സവത്തിലും പ്രതിഫലിക്കുന്നു

Advertisement

സംസ്ഥാന ഖജനാവിനെ ബാധിച്ചിരിക്കുന്ന കടക്കെണി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും പ്രതിഫലിക്കുകയാണ്. ഇത്തവണ ആഡംബരങ്ങള്‍ ചുരുക്കിക്കൊണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് സംഘാടകസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇത്തവണ മുഖ്യ വേദിക്ക് മാത്രമാകും പന്തല്‍. ജനുവരി നാല് മുതല്‍ എട്ട് വരെ കൊല്ലത്ത് നടക്കുന്ന കലോത്സവത്തിന് ആശ്രാമത്തെ പ്രധാന വേദി മാത്രമേ പന്തല്‍ കെട്ടി ക്രമീകരിക്കുയുള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ഇത്തവണ കൊല്ലത്ത് 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ 16 വേദികളും പൊതുവിദ്യാലയങ്ങളാണ്. ചെലവ് ചുരുക്കുന്നതിന് പുറമേ പരാമവധി പൊതുവിദ്യാലയങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വാദം ഉയരുന്നുണ്ട്.
തേവള്ളി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലാണ് സ്‌കൂള്‍ കലോത്സവത്തിന്റെ ഓഫീസ്. സിഎസ്‌ഐ കണ്‍വെന്‍ഷന്‍ സെന്റര്‍, ആശ്രാമം ക്ഷേത്രത്തിന്റെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, അയത്തില്‍ പുളിയത്തുമുക്കിലെ എസ്ആര്‍ ഓഡിറ്റോറിയം, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്, സോപാനം ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സ്‌കൂളുകള്‍ക്ക് പുറത്തുള്ള വേദികള്‍. പ്രധാനവേദിയില്‍ ദിവസവും ഒരു സിംഗിള്‍ മത്സര ഇനവും ഒരു ഗ്രൂപ്പ് ഇനവും ഉണ്ടാകും. നാടകമത്സരങ്ങള്‍ സോപാനം ഓഡിറ്റോറിയത്തിലാണ്. പങ്കെടുക്കുന്നവര്‍ക്കുള്ള താമസസൗകര്യവും പരമാവധി സ്‌കൂളുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി നഗരത്തിലെ 12 സ്‌കൂളുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisement