രാഷ്ട്രീയ ലേഖകന്‍
കൊച്ചി: ശരിയായ ദിശാബോധത്തോടെ പാർട്ടിയെ നയിക്കാൻ കഴിഞ്ഞ എട്ട് വർഷമായി അഹോരാത്രം പണിപ്പെട്ട കാനം രാജേന്ദ്രൻ്റെ വേർപാട് രാഷ്ട്രീയ കേരളം ഞെട്ടലോടെയാണ് കേട്ടത്. വളരെ സൗമ്യമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ കാനത്തിൻ്റെ വേർപാട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി.
2015ല്‍ പാര്‍ട്ടി സെക്രട്ടറിയായി കടന്നുവന്ന കാനം സിപിഐയുടെ പ്രതിഛായ തന്നെമാറ്റിമറിച്ചു. പാര്‍ട്ടിയിലും ഇടതുമുന്നണിയിലും വലിയ തിരുത്തല്‍ ശക്തിയായാണ് കാനം കാണപ്പെട്ടത്. ഇടതുമുന്നണിയിലും അതിനെ നയിക്കുന്ന സിപിഎമ്മിലും എന്തെങ്കിലും നിലപാട് മാറ്റമുണ്ടായാല്‍ മാധ്യമങ്ങള്‍ പ്രതിപക്ഷത്തേക്കോടുന്നതിന് പകരം എംഎന്‍ സ്മാരകം തേടി പോകുന്ന നിലയായി. വലിയ മാറ്റമായിരുന്നു അത്. സിപിഎമ്മിന്‍റെ ശക്തമായ പിടി സിപിഐയുടെ ഒരു വകുപ്പുകളിലും ഉണ്ടായില്ലെന്നതും എടുത്തുപറയണം. സിപിഐ ഭരിക്കുന്ന വകുപ്പുകളിലും കോര്‍പറേഷനുകളിലും തനതായ ശക്തമായ നിലപാട് സൂക്ഷിക്കാന്‍ സിപിഐക്ക് കാനത്തിന് കീഴില്‍ കഴിഞ്ഞു. എന്നാല്‍ 2018 ആയപ്പോഴേക്കും അദ്ദേഹത്തിന്‍റെ പലനിലപാടുകളിലും അയവുവന്നു. സിപിഎമ്മിനോടുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചതിനാല്‍ ബി ടീം എന്ന പേരു കൂടി കേള്‍ക്കേണ്ടി വന്നു.
പിണറായി വിജയനോട് എതിരിടുന്ന ശൈലി കൈമോശം വന്നെങ്കിലും പാര്‍ട്ടിയില്‍ നിലപാടുകളില്‍ അദ്ദേഹം കര്‍ക്കശക്കാരനായി തുടര്‍ന്നു. എതിര്‍ക്കുന്നവരെ ഒതുക്കി നിര്‍ത്തുന്നതിലും പാര്‍ട്ടി ചട്ടക്കൂട് ഉറപ്പോടെ നിലനിര്‍ത്തുന്നതിനും കാനത്തിനായി. രോഗ ഗ്രസ്ഥനായശേഷം പോലും വരെ ആകരുത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും പാര്‍ട്ടിയില്‍ വെല്ലുവിളികളെ അടിച്ചമര്‍ത്തി കര്‍ശന നിലപാടുകളിലൂടെ എതിര്‍സ്വരങ്ങള്‍ നിശബ്ദമാക്കാനും കാനത്തിന് കഴിഞ്ഞു.
2022ല്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല കാനത്തിന്‍റെ കൈയില്‍ത്തന്നെ വീണ്ടും എത്തി. രോഗ പീഢയില്‍ കാനത്തിന്‍റെ സ്ഥാനം വച്ചുമാറുമെന്ന തോന്നലുണ്ടായെങ്കിലും അത് സുഭദ്രമായി അദ്ദേഹത്തിന്‍റെ കൈയില്‍ തുടരുന്നതാണ് കണ്ടത്. ഈ വേര്‍പാട് അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും മുന്നണിക്കും വലിയ നഷ്ടം തന്നെയാണ്. കരുത്തുചോരാതെ പാര്‍ട്ടിയെ കാക്കാന്‍ രണ്ടാംനിര നേതാക്കള്‍ എന്തു നിലപാട് എടുക്കുമെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടുകയാണ്.