പത്തനംതിട്ട. നടപടിക്ക് വിധേയനായ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങള്‍ വഴി തനിക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലേക്ക് വരെ ഇത് എത്തുന്നതായും പരാതി ഉയര്‍ത്തി പത്തനംതിട്ടയിലെ സിപിഐ വനിതാ നേതാവ്.പുറത്തായ നേതാവിന്‍റെ പക്ഷക്കാരാണ് ശ്രീനക്കെതിരെ രംഗത്തുള്ളതെന്നാണ് സൂചന.
ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മയാണ് രംഗത്ത് വന്നിരിക്കുന്നത്.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ളവരും ഉണ്ടെന്നും ഇവര്‍ പറയുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താനും കുടുംബവും കമ്യൂണിസ്റ്റാണെന്നും അതങ്ങനെ തന്നെയായിരിക്കുമെന്നും പറഞ്ഞു. പത്തനംതിട്ടയിലെ സിപിഐയില്‍ രൂക്ഷമായ ഉള്‍പ്പാര്‍ട്ടി പോര് നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടു വിഭാഗമായി തിരിഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയവഴി ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നുണ്ട്. അനധികൃത സ്വത്തു സമ്ബാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശ്രീനാദേവി നല്‍കിയ പരാതി പാര്‍ട്ടിയില്‍ എ.പി. ജയനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സൈബര്‍ യുദ്ധത്തിന് കളമൊരുക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രശ്നം പരിശോധിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിക്കുകയും അവരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ജയനെതിരേ നടപടി എടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയിലെ അഴിമതിക്കാരനായ നേതാവിനെ പുറത്താക്കാന്‍ പ്രയത്നിച്ച ശ്രീനയെ പക്ഷേ പാര്‍ട്ടിയിലും പുറത്തും ഒറ്റപ്പെടുത്തുന്ന നീക്കമാണ് നടക്കുന്നത്.
പരാതി നല്‍കിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പന്തളം തെക്കേക്കരയില്‍ വെച്ചിരുന്ന വികസന നേട്ടങ്ങള്‍ നിരത്തിയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ആറുകോടിയിലധികം രൂപയുടെ അഴിമതി ആരോപണമാണ് ജില്ലാ സെക്രട്ടറിക്കെതിരെ വനിത അംഗം നേരത്തേ ഉയര്‍ത്തിയത്. അടൂര്‍ മേലൂട് ജയന് കോടികള്‍ വിലമതിക്കുന്ന പശുഫാം ഉണ്ടെന്നും സാമ്ബത്തീക സ്രോതസ് സംശയാസ്പദമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ ബോദ്ധ്യപ്പെടുത്താതെ ഫണ്ട് സ്വീകരിച്ചു എന്നും ആരോപിക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും പാര്‍ട്ടി സെക്രട്ടറി സ്ഥാനം നല്‍കിയതിനെതിരേയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.