കാനം:പ്രായവിവാദത്തിലും തളരാത്ത പോരാളി, സർക്കാരിനെ എപ്പോഴും വിമർശിക്കണമെന്ന് പറഞ്ഞാൽ നടക്കില്ലന്ന് വ്യക്തമാക്കിയ കണിശക്കാരൻ

Advertisement

സ്റ്റീഫന്‍

തിരുവനന്തപുരം: പ്രായവിവാദം ഉടുക്ക് കൊട്ടിയ സിപിഐ യുടെ കഴിഞ്ഞ സംസ്ഥാന സമ്മേളന കാലത്തെ രാഷ്ട്രീയചർച്ചകൾ പെട്ടന്ന് ആരും മറക്കാനിടയില്ല. പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്ക് അന്ന് മാധ്യമങ്ങളോട് കാനം പറഞ്ഞ മറുപടി വളരെ ശ്രദ്ധേയമായിരുന്നു.പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് കരുതിയിരുന്ന രാഷ്ട്രീയ നിരീക്ഷകര്‍ കാനത്തിൻ്റെ വാക്കുകൾ സാകൂതം ശ്രദ്ധിച്ചു. പ്രായപരിധി കേരളത്തിൽ ഉണ്ടാക്കിയ തീരുമാനമല്ലെന്നും ദേശീയ കൗൺസിലിന്റെ മാർ​ഗനിർദേശമാണ് സംസ്ഥാനം പിന്തുടരുന്നതെന്നുമായിരുന്നു കാനം പറഞ്ഞത്. പ്രായപരിധി സംബന്ധിച്ച് സി ദിവാകരന്റെ പരസ്യവിമർശനം പാർട്ടി പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും കാനം വ്യക്തമാക്കിയിരുന്നു.

പ്രായപരിധി സംബന്ധിച്ച് നിലനിൽക്കുന്നത് പാർട്ടി ഭരണഘടന അനുസരിച്ച് ദേശീയ കൗൺസിൽ പുറപ്പെടുവിച്ച മാർ​ഗനിർദേശങ്ങളാണ്. അതിവിടെ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവും കൗണ്‍സിലും കൂടിയപ്പോള്‍ ഞങ്ങൾ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 14 ജില്ലകളിലും ഈ മാർഗ നിർദേശമാണ് നടപ്പാക്കിയത്.

അതിന് ശേഷം സംസ്ഥാന സമ്മേളനത്തിൽ നടപ്പാക്കരുതെന്ന് പറയുന്നത് എന്തിനാണെന്നാണ് കാനം അന്ന് പ്രതികരിച്ചത്. പ്രായപരിധിക്കെതിരെ അഭിപ്രായം പറയുന്നവർക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാമെന്നും, പ്രായപരിധി കർശനമായി നടപ്പിലാക്കുമെന്ന് പറഞ്ഞ കാനം മൂന്ന് വർഷം കഴിയുമ്പോൾ അത് തനിക്കും ബാധകമാണെന്നും വ്യക്തമാക്കി. പക്ഷേ അത് നടപ്പാകാതെ 73-ാം വയസ്സിൽ അദ്ദേഹം യാത്ര പറഞ്ഞു.

ഇടതുപക്ഷ നിലപാടില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ ആദ്യ പിണറായി സർക്കാറിനെ വിമർശിച്ചിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍ അന്ന് പറഞ്ഞു. ഇപ്പോൾ സി.പി.എമ്മും സി.പി.ഐയും നല്ല നിലയില്‍ ചർച്ച നടക്കുന്നുണ്ട്. എന്നും സർക്കാറിനെ വിമർശിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും കാനം നിലപാട് എടുത്തിരുന്നു. എന്തിനും ഏതിനും തൻ്റെതായ ശൈലിയിൽ മറുപടി ഉണ്ടായിരുന്നു കാനത്തിന് .ഇടത് പക്ഷത്തിൻ്റെ തുടർ ഭരണത്തിന് കളമൊരുക്കിയ രാഷ്ട്രീയ കളരിയിൽ എന്നും മുൻനിരക്കാരനായിരുന്നു കാനം.

Advertisement