അറിയാമോ ഈ സന്തോഷ ഹോർമോണിനെ

Advertisement

ജീവിതത്തിൽ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. അതിന് നമ്മെ സഹായിക്കുന്ന ഹോർമോൺ ആണ് ‘ഡോപാമൈൻ’. ‘ഹാപ്പി ഹോർമോൺ’ എന്നും ഇവ അറിയപ്പെടുന്നു.

ഓർമ്മ ശക്തി, ശരീരത്തിന്റെ ചലനം, മാനസികാവസ്ഥ, ഏകാഗ്രത തുടങ്ങിയ തലച്ചോറിന്റെയും ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുവഹിക്കുന്നുണ്ട് ഡോപാമൈൻ. ന്യൂറോ ട്രാൻസ്മിറ്റാറായും ഹോർമോൺ ആയും ഡോപാമൈൻ പ്രവർത്തിക്കുന്നു. ശരീരത്തിൽ ഡോപാമൈന്റെ അളവ് കൂടുന്നതും കുറയുന്നതും അപകടമാണ്. പാർക്കിൻസൺ രോഗം, ശ്രദ്ധക്കുറവോടുകൂടിയ ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ തുടങ്ങിയ രോഗങ്ങൾ ഡോപാമൈനുമായി ബന്ധപ്പെട്ടുള്ളതാണ്.

നമ്മൾക്ക് സന്തോഷകരമായ എന്തെങ്കിലും ഒരു കാര്യ ചെയ്യുമ്പോൾ തലച്ചോർ ഡോപാമൈൻ ഉത്പാദിപ്പിക്കുകയും ചെയ്ത കാര്യം നമ്മൾക്ക് ഒരു സന്തോഷകരമായ അനുഭവമായിരുന്നെന്നു തോന്നിപ്പിക്കുകയും ചെയ്യുന്നു. ഡോപാമൈൻ ശരീരത്തിൽ കുറഞ്ഞാൽ ക്ഷീണം, സന്തോഷമില്ലായ്മ, പ്രചോദനമില്ലായ്മ, ഓർമ്മക്കുറവ്, മാനസികാവസ്ഥയിൽ മാറ്റം, ഉറക്കക്കുറവ്, പ്രശ്‌നങ്ങൾ പരിഹാരിക്കാനാകാതെ വരിക, ലൈംഗികാസക്തി കുറയുക എന്നിവയുണ്ടാകും. മറിച്ച് ഡോപാമൈൻ കൂടിയാൽ ഉന്മേഷ കൂടുതൽ, ഊർജ്ജസ്വലത, ലൈംഗികാസക്തി കൂടുക, ഉറക്കക്കുറവ്, ഒന്നിനും നിയന്ത്രണമില്ലാതെ വരിക, വളരെ പെട്ടന്ന് ദേഷ്യം വരിക എന്നിവ അനുഭവപ്പെടാം.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിൽ ഡോപാമൈന്റെ ഉത്പാദനം കൂടുമെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. അവോക്കാഡോ, നട്‌സ്, ചീസ്, ഡാർക്ക് ചോക്ലേറ്റ്, വാഴപ്പഴം, സൽമൺ, മുട്ട, ഗ്രീൻടീ, പുളിപ്പിച്ച ഭക്ഷണങ്ങൾ, സ്‌ട്രോബെറി എന്നിവ കഴിക്കുന്നത് ശരീരത്തിൽ ഡോപാമൈന്റെ ഉത്പാദനം കൂട്ടും. അതുപോലെ ജങ്ക് ഫുഡും പഞ്ചസാരയും ഡയറ്റിൽ നിന്നും ഉപേക്ഷിക്കാനും മറക്കരുത്.