ചിത ഒരുങ്ങി; കാനം രാജേന്ദ്രന് വിട നൽകാൻ ആയിരങ്ങൾ

Advertisement

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കോട്ടയത്ത് നിന്ന് തലസ്ഥാനത്തേക്ക് പോയ കാനം രാജേന്ദ്രൻ നിശ്ചലനായി തിരികെയെത്തിയപ്പോൾ കണ്ണീർ പ്രണാമങ്ങളോടെയാണ് അക്ഷര നഗരിയായ കോട്ടയം വരവേറ്റത്. നിശ്ചയച്ചതിലും ഏഴ് മണിക്കുറിലേറെ വൈകി കാനത്തിൻ്റെ
മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സ്വന്തം ഗ്രാമമായ വാഴൂരിൽ എത്തിയത് ഇന്ന് പുലർച്ചെയാണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജില്ലകളിലെ പ്രധാന സ്ഥലങ്ങളിൽ ആയിരക്കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലെ ആദരവുകൾ ഏറ്റുവാങ്ങിയ ശേഷം കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിൽ എത്തുമ്പോൾ പുലർച്ചെ 12.15 കഴിഞ്ഞിരുന്നു. രാത്രി 8 മണിക്കായിരുന്നു ചങ്ങനാശ്ശേരിയിൽ എത്തേണ്ടിയിരുന്നത്. അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കാനത്തിന് ഏറെ വൈകാരികമായാണ് അക്ഷര നഗരി വിട നൽകിയത്.രാവിലെ 10.30 ന് സംസ്ക്കാര ചടങ്ങുകൾ കാനത്തെ വീട്ടുവളപ്പിൽ ആരംഭിച്ച് 11 മണിയോടെ പൂർത്തിയാകും.തുടർന്ന് അനുസ്മരണ യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള പ്രുമുഖർ സംസ്ക്കാര ചടങ്ങിനെത്തും.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടിലെത്തിയിട്ടുണ്ട്.

Advertisement