അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിനു മുന്നിലെ തുള്ളൽ പ്രതിമ തകർത്തു,എംഎല്‍എ എച് സലാമിനെതിരെ ആരോപണവുമായി ശില്പികൾ

Advertisement

ആലപ്പുഴ. തകര്‍ന്നോ തകര്‍ത്തോ സാംസ്കാരിക വകുപ്പിന് കീഴിലെ അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിനു മുന്നിലെ തുള്ളൽ പ്രതിമ തകർന്നതിൽ എംഎല്‍എ എച് സലാമിനെതിരെ ആരോപണവുമായി ശില്പികൾ. പ്രതിമ മനപ്പൂർവം തകർത്തതാണെന്നും ഇതിനു നിർദ്ദേശം നൽകിയത് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം ആണെന്നുമാണ് പ്രതിമയുടെ ശില്പികളുടെ ആരോപണം. നാലര കോടി രൂപ ചെലവാക്കിയുള്ള സ്മാരകത്തിന്റെ പുനർനിർമാണത്തിനിടെ പ്രതിമ തകർന്നതാണ് വിവാദമായത്. പ്രതിമ മാറ്റിവയ്ക്കാൻ വേണ്ടി ഇളക്കിയപ്പോൾ കാലപ്പഴക്കം മൂലം തകർന്നു എന്നാണ് സ്മാരക സമിതിയുടെ വിശദീകരണം

2015ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് മുൻപിൽ തുള്ളൽ പ്രതിമ സ്ഥാപിച്ചത്. കുഞ്ചൻ നമ്പ്യാരുടെ പൂർണ്ണകായ ശില്പം നാടക ആചാര്യനായ കാവാലം നാരായണ പണിക്കരാണ് അനാവരണം ചെയ്തത്.
ശില്പികളായ സി ഹണി, അനീഷ് തകഴി എന്നിവർ ചേർന്ന് മാസങ്ങൾ കൊണ്ടാണ് സിമന്റിൽ ശില്പം തീർത്തത്. തുള്ളലിലൂടെ കുഞ്ചൻ നമ്പ്യാരെ ആവിഷ്കരിക്കുകയായിരുന്നു ശില്പികൾ

നിലവിൽ ഉണ്ടായിരുന്ന സ്മാരകം പൊളിച്ച് പുതിയത് നിർമ്മിക്കുന്നതിനിടെയാണ് പ്രതിമ തകർന്നത്. തകർന്ന പ്രതിമ അതേ സ്ഥലത്ത് തന്നെ മണ്ണിൽ കുഴിച്ചുമൂടി. അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിന്റെ നിർദ്ദേശപ്രകാരം പ്രതിമ മനപ്പൂർവം തകർത്തു എന്നാണ് ശിൽപ്പികളുടെ ആരോപണം

ബോധപൂർവ്വം തകർത്ത തല്ലെന്നും യന്ത്രം ഉപയോഗിച്ച് ശില്പം ഇളക്കി മാറ്റുന്നതിനിടെ കാലപ്പഴക്കത്താൽ തകർന്നു എന്നുമാണ് കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ വിശദീകരണം. എന്നാൽ ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഒരു പോറൽ പോലും ഏൽക്കാതെ ശില്പം മാറ്റിവയ്ക്കാൻ കഴിയുമായിരുന്നു എന്ന് ശില്പങ്ങൾ പറയുന്നു. പുതിയ പ്രതിമ നിർമ്മിക്കുന്നതിന് പിന്നിൽ അഴിമതി ആണെന്നും ആക്ഷേപം ഉയർന്നു. പ്രതിമ തകർന്നതിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആണ് ശില്പികളുടെയും മറ്റു സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം

Advertisement