വാകേരിയിൽ ക്ഷീരകർഷകനെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവ്

Advertisement

വയനാട്. വാകേരിയിൽ ക്ഷീരകർഷകനെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവ്. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം വൈകീട്ട് വീട്ടു വളപ്പിൽ സംസ്ക്കരിച്ചു.

നരഭോജി കടുവയെ വെടി വച്ചു കൊല്ലാൻ ഉത്തരവിടാതെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് നാട്ടുകാർ . പ്രജീഷിന്റെ മൃതദേഹം എത്തിച്ച സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിക്ക് മുന്നിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും സമരം തുടങ്ങി. ഒടുവിൽ വനം വകുപ്പിന് വഴങ്ങേണ്ടി വന്നു. വയനാട് വാകേരിയിൽ ക്ഷീരകർഷകനെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഉത്തരവിറക്കിയത്. വനം മന്ത്രി തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു

രാവിലെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് പ്രതീക്ഷിച്ചിരുന്ന ജനങ്ങൾക്ക് മുന്നിൽ കടുവയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കണമെന്നതായിരുന്നു ഉത്തരവ് വന്നത്. ഇതാണ് ശക്തമായ പ്രതിഷേധത്തിന് കാരണം. ഐസി ബാലകൃഷ്ണൻ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാരും , മുൻ എംഎൽഎ സി കെ ശശീന്ദ്രനും ഉൾപ്പെടെ പ്രതിഷേധത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു.

പ്രതിഷേധം അവസാനിച്ചതോടെ പ്രജീഷിൻ്റെ മൃതദേഹം ഏറ്റു വാങ്ങി വീട്ടു വളപ്പിൽ സംസ്ക്കരിച്ചു. ഇന്നലെ വൈകീട്ട് പ്രജീഷിനെ കൊലപ്പെടുത്തിയ കടുവ രാത്രി വീണ്ടും അതേ സ്ഥലത്ത് എത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്

Advertisement