ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു

Advertisement

മലപ്പുറം. എടപ്പാളിൽ ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. എടപ്പാൾ പെരുമ്പറമ്പ് സ്വദേശി യദുകൃഷ്ണൻ ആണ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ച സുഹൃത്തുക്കളായ രണ്ട് പേർ പോലീസിന്റെ കരുതൽ തടങ്കലിൽ ആണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കേസിൽ കൂടുതൽ വ്യക്തത ഉണ്ടാകൂവെന്ന് പോലീസ് അറിയിച്ചു.



കഞ്ചാവ്, മയക്കുമരുന്ന് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇരുപത്തൊന്ന് വയസുകാരനായ യദുകൃഷ്ണൻ. പൊന്നാനി സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഉറ്റ സുഹൃത്തുക്കളായ രണ്ട് പേരോടൊപ്പം മരിച്ച യുവാവ് പോയത്. വൈകുന്നേരം വീട്ടുകാർ തിരികെ വിളിച്ചിരുന്നെങ്കിലും ഇയാൾ വീട്ടിലേക്ക് എത്തിയില്ല. ഇന്ന് വൈകീട്ട് നാല് മണിയോടെ എടപ്പാളിലെ ശുകപുരം ആശുപത്രിയിലേക്ക് സുഹൃത്തുക്കൾ ഇയാളെ മരിച്ച നിലയിൽ എത്തിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിൽ സുഹൃത്തുക്കളായ രണ്ട് പേരും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. യദുകൃഷ്ണൻ കുഴഞ്ഞു വീണ് മരിച്ചെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ മരണ കാരണം വ്യക്തമാവൂ എന്നാണ് പോലീസ് നിലപാട്. അത് വരെ സുഹൃത്തുക്കളെ കരുതൽ തടങ്കലിൽ വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.


Advertisement