പെരുമ്പാവൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും.സംഭവത്തിൽ നാല് കെ എസ് യു പ്രവർത്തകരാണ് കസ്റ്റഡിയിലുള്ളത്. ആദ്യം എറിഞ്ഞ ഷൂ നവകേരള ബസ്സിലും, രണ്ടാമത്തേത് സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിലുമാണ് കൊണ്ടത്. ‘ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്നു നിർത്തിവച്ച നവകേരള സദസ് പുനരാരംഭിച്ചതിനു തൊട്ടു പിന്നാലെയാണു സംഭവം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിൽ ഓടക്കാലിയിൽ വച്ചാണ് കെഎസ്‌യു പ്രവർത്തകർ ബസിനു നേരെ ഷൂ എറിഞ്ഞത്.
ഇതേത്തുടർന്നു പ്രതിഷേധകാർക്കു നേരെ പൊലീസ് ലാത്തിവീശി. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചവരെ മർദിക്കുന്ന അവസ്ഥയുമുണ്ടായി. പൊലീസ് നോക്കി നിൽക്കെയായിരുന്നു മർദനം.
ഇത്തരം പ്രതിഷേധങ്ങൾ തുടര്‍ന്നാല്‍ വേറെ രീതിയില്‍ അതിനെ നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിന്നീട് അത് പറഞ്ഞ് വിലപിക്കരുത്. ഇത് നാടിനോടുള്ള വെല്ലുിളിയാണ്.
ഈ പരിപാടി ആര്‍ക്കെങ്കിലും എതിരെ സംഘടിപ്പിച്ചതല്ലെന്നും, നാട്ടുകാർ സംയമനം പാലിച്ചു നിൽക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറിലേക്കൊക്കെ പോയാൽ അതിന്‍റെതായ നടപടികൾ സ്വീകരിക്കേണ്ടി വരും. അപ്പോൾ വിലപിച്ചിട്ടു കാര്യമില്ല. ആർക്കെങ്കിലു എതിരെ സംഘടിപ്പിച്ച പരിപാടിയല്ല ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.