തിരുവനന്തപുരം. 28 -ാ മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും. മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ ഹോറർ ചിത്രമായ ദി എക്സോർസിസ്റ്റ് ഇന്ന് പ്രദർശനത്തിന് എത്തും. ഈ വര്ഷം മലയാള സിനിമക്ക് നഷ്‌ടമായ പ്രതിഭകൾക്ക് ആദരമർപ്പിച്ച്കൊണ്ടുള്ള ചിത്രങ്ങളും വെള്ളിത്തിരയിൽ എത്തുന്നുണ്ട്. മൂന്നാം ദിനമായ ഇന്നലെ ആദ്യ രണ്ടു ദിവസങ്ങളേക്കാൾ വലിയ തിരക്കാണ് വേദികളിൽ അനുഭവപ്പെട്ടത്.
ലോകപ്രശസ്ത സംവിധായകൻ വില്യം ഫ്രീഡ്കിന്റെ ഹൊറർ ചിത്രമായ ദി എക്സോർസിസ്റ്റ് ആണ് മേളയുടെ നാലാം ദിനത്തിലെ പ്രധാന ആകർഷണം. നിശാഗന്ധിയിൽ അർധരാത്രി 12 മണിക്കാണ് ദി എക്സോർസിസ്റ്റിന്റെ പ്രദർശനം. മെക്സിക്കയുടെ ഓസ്കാർ പ്രതീക്ഷയായ ടോട്ടവും ഇന്ന് പ്രദർശനത്തിന് എത്തുന്നുണ്ട്. ലില അവിലെസ് സംവിധാനം ചെയ്ത ടോട്ടം സങ്കീർണ്ണമായ കുടുംബംബന്ധങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാണ്. ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ ഉൾപ്പെടെ 25 ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. മണ്മറഞ്ഞ സിദ്ദിഖ്, മാമുക്കോയ, ഇന്നസെന്റ്, നിർമ്മാതാവ് അച്ചാണി രവി എന്നിവർക്ക് ആദരമർപ്പിച് മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിധേയൻ, റാംജിറാവ് സ്പീക്കിങ്, പെരുമഴകാലം തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഫ്രഞ്ച് സംവിധായകൻ ജാക്ക്സ് റോസിയർക്ക് ആദരമർപ്പിച്ച് അജിയു ഫിലിപ്പീൻ എന്ന ചിത്രവും ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. പ്രശസ്ത ഹിന്ദി ചലച്ചിത്രകാരൻ സയീദ് അക്തർ മിർസ ഇരുപതാമത് അരവിന്ദൻ മെമ്മോറിയൽ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നിള തിയറ്ററിലാണ് പ്രഭാഷണം. മാനവീയം വീഥിയിൽ വൈകിട്ട് ഏഴുമണിക്ക് നാഗവല്ലി ബാൻഡിന്റെ സംഗീത പരിപാടി അരങ്ങേറും.