ഹോസ്റ്റല്‍ ഭക്ഷണത്തിൽ സ്ക്രൂ, ഉപയോഗിച്ച ബാൻഡ് എയ്ഡ്, സ്ക്രബർ, പുഴു; പരാതിയുമായി വിദ്യാർത്ഥിനികൾ

Advertisement

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ തിരുവനന്തപുരത്തെ വിമന്‍സ് ഹോസ്റ്റലിൽ മോശം ഭക്ഷണം വിതരണം ചെയ്യുന്നെന്ന് വിദ്യാർത്ഥിനികളുടെ പരാതി. പുഴുവും ഉപയോഗിച്ച ബാൻഡ് ഐയ്ഡും വരെ ഭക്ഷണത്തിൽ നിന്നും ലഭിച്ചെന്ന് പരാതി നൽകിയിട്ടും സർവ്വകലാശാല ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.

“മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരിഹരിക്കുമെന്ന് കരുതി. ഒരു മാസത്തിനിടെ ഭക്ഷണത്തില്‍ നിന്ന് സ്ക്രൂ കിട്ടി, സ്ക്രബറിന്‍റെ കഷ്ണം കിട്ടി. പ്ലാസ്റ്റിക് കവര്‍ കിട്ടി. പുഴുവിനെ കിട്ടി”- വിദ്യാര്‍ത്ഥിനി ശേബ പറഞ്ഞു.

നാക് അക്രഡിറ്റേഷനിൽ എ++ ലഭിച്ച യൂണിവേഴ്സിറ്റിയുടെ വിമൻസ് ഹോസ്റ്റലിന്‍റെ ദുരവസ്ഥയാണിത്. 350 ഓളം വിദ്യാർത്ഥികളാണ് ഹോസ്റ്റലിലുള്ളത്. ഓരോ ദിവസവും ഭക്ഷണം മോശമാവുകയാണെന്ന് വിദ്യാർത്ഥിനികള്‍ പറയുന്നു- “ഞങ്ങള്‍ കണ്ണ് കാണാത്ത കുട്ടികളും ഈ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ഞങ്ങള്‍ എന്തുവിശ്വസിച്ചാണ് ഈ ഭക്ഷണം കഴിക്കേണ്ടത്?”- ഷഹാന എന്ന വിദ്യാര്‍ത്ഥിനി ചോദിക്കുന്നു.

വർഷങ്ങളായി ഹോസ്റ്റലിലെ അവസ്ഥ മോശമാണെന്നും യൂണിവേഴ്സിറ്റി രജിസ്റ്റാർക്കും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിനും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും വിദ്യാർത്ഥികള്‍ പറയുന്നു. വാർഡൻ പരാതി ലാഘവത്തോടെയാണ് കണ്ടതെന്നും വിദ്യാർത്ഥികള്‍ക്ക് ആക്ഷേപമുണ്ട്.

എന്നാൽ രാത്രി വൈകി വരുന്നവരെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാത്തതിലെ ദേഷ്യമാണ് വിദ്യാർത്ഥികള്‍ക്കെന്നാണ് ഹോസ്റ്റൽ വാർഡന്‍റെ വിചിത്ര വാദം. പരാതി പറഞ്ഞയുടനെ വിദ്യാർത്ഥികളെ ഉള്‍പ്പെടുത്തി യോഗം വിളിച്ചിരുന്നെന്നും സ്റ്റാഫ് അടക്കം എല്ലാവരും ഹോസ്റ്റൽ ഭക്ഷണമാണ് കഴിക്കുന്നതെന്നുമാണ് വാ‍ർഡൻ പറയുന്നത്.

Advertisement