തനിക്കെതിരെ നടന്ന എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളും ഗുണ്ടകളുമാണെന്നും കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. തനിക്ക് നല്‍കുന്നത് എന്ത് സുരക്ഷയാണെന്നും ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ അത് വിലപ്പോകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സെനറ്റിലേക്ക് ആര്‍എസ്എസ് നേതാക്കളെ നോമിനേറ്റ് ചെയ്തതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയത്. വൈകീട്ട് 6.50ന് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഗവര്‍ണര്‍ പോകുന്ന വാഹനത്തിന് മുന്നിലേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധം നടത്തുകയായിരുന്നു. ഇത് കണ്ട് ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.