ഭാര്യയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു, കോടഞ്ചേരിയിൽ യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളി

Advertisement

കോഴിക്കോട് – കോടഞ്ചേരിയിൽ യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളി. നൂറംതോട്‌ സ്വദേശി നിതിൻ ആണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നൂറാംതോട് സ്വദേശി തങ്കച്ചന്റെ മകൻ 25കാരനായ നിതിൻ തങ്കച്ചനാണ് കൊല്ലപ്പെട്ടത്ത്. കോട്ടക്കലിൽ ആയുർവേദ നേഴ്സിങ്ങിന് പഠിക്കുന്ന നിതിൻ ഏഴാം തീയതിയാണ് നാട്ടിലേക്ക് പുറപ്പെട്ടത്. എന്നാൽ വീട്ടിൽ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണോത്ത് മഞ്ഞപ്രവലയിലെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കൈപ്പുറം സ്വദേശി അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്തിന്റെ ഭാര്യയെ നിതിൻ ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും ഇതിന്റെ പ്രതികാരം എന്നോണം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തലയ്ക്ക് അടിയേറ്റ് നിതിൻ മരിച്ചതോടെ താഴ്ഭാഗത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മടങ്ങിയെന്നാണ് അഭിജിത്ത് പൊലീസിന് നൽകിയ മൊഴി. മൃതദേഹം അഴുകിയ നിലയിലാണ്. കോടഞ്ചേരി പൊലീസ് തുടർനടപടികൾ ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.