ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് ആധിപത്യം

Advertisement

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 17- വാര്‍ഡുകളില്‍ യു.ഡി.എഫും 10 വാര്‍ഡുകളില്‍ എല്‍.ഡി.എഫും നാല് വാര്‍ഡുകളില്‍ ബി.ജെ.പിയുമാണ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിയും എസ്.ഡി.പി.ഐയും ഓരോ വാര്‍ഡുകളിലും വിജയിച്ചിട്ടുണ്ട്. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സീറ്റുകളിലെ വിജയം ഇപ്രകാരം.

യുഡിഎഫ് വിജയിച്ച സീറ്റുകള്‍

കോഴിക്കോട് വാണിമേല്‍ പഞ്ചായത്ത് 14-ാം വാര്‍ഡായ കൊടിയൂറ യു.ഡി.എഫ് നിലനിര്‍ത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ (കോണ്‍ഗ്രസ്) അനസ് നങ്ങാണ്ടിയില്‍ വിജയിച്ചു.
വില്യാപ്പള്ളി 16-ാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിലെ എന്‍ ബി പ്രകാശന്‍ 311 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍.ഡി.എഫിലെ 140 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. മടവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുല്ലാളൂര്‍ യു.ഡി.എഫ് നിലനിര്‍ത്തി. മാവൂര്‍ പഞ്ചായത്തിലെ 13.ാം വാര്‍ഡ് പാറമ്മലും യു.ഡി.എഫ് നിലനിര്‍ത്തി.
എറണാകുളം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോണ്‍ഗ്രസ് വിജയിച്ചു. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ യു.ഡി.എഫിലെ ബിനിത പീറ്റര്‍ വിജയിച്ചു. 88 വോട്ടുകള്‍ക്കാണ് ബിനിത വിജയിച്ചത്. രാമമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ യു.ഡി.എഫിലെ ലെ ആന്റോ പി സ്‌കറിയ വിജയിച്ചു. 100 വോട്ടാണ് ഭൂരിപക്ഷം.
തൃശൂര്‍ മാള പഞ്ചായത്തിലെ 14-ാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. യു.ഡി.എഫിലെ നിത ജോഷി 567 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 677 വോട്ടാണ് നിത നേടിയത്. തുടര്‍ച്ചയായി കൗണ്‍സിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ജോഷിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്
പാലക്കാട് വടക്കഞ്ചേരി ആറാം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ്‌കുമാര്‍ പിടിച്ചെടുത്തു. 325 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 142 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.പിമുഹമ്മദാണ് വിജയിച്ചത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. 93 വോട്ടുകള്‍ക്ക് യു.ഡി.എഫിലെ റഷീദ് തങ്ങളാണ് വിജയിച്ചത്. മലമ്പുഴ ബ്ലോക്ക് ആറാം ഡിവിഷനും യു.ഡി.എഫ് നിലനിര്‍ത്തി. കൊല്ലം തഴവ 18-ാം വാര്‍ഡ് നിലനിര്‍ത്തി. കൊല്ലം പോരുവഴി 15-ാം വാര്‍ഡ് എസ്.ഡി.പി.ഐയില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഒന്നാം ഡിവിഷന്‍ എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കല്‍ ഡിവിഷനും എല്‍.ഡി.എഫ് പിടിച്ചെടുത്തു. വയനാട് മുട്ടില്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡും പിടിച്ചെടുത്തു. കാസര്‍കോട് പള്ളിക്കര 22-ാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി.

എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍

മലപ്പുറം ഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് ബി.ജെ.പിയില്‍നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു. 51 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫിലെ കെ.പി രാധയാണ് വിജയിച്ചത്. ഇതോടെ, യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇരു മുന്നണികള്‍ക്കും തുല്യ സീറ്റുകളായി.
പാലക്കാട് ജില്ലാ പഞ്ചായത്ത് വാണിയംകുളം ഡിവിഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി അബ്ദുള്‍ ഖാദര്‍ 10,207 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇടുക്കി ഉടുമ്പന്‍ ചോല ഏഴാം വാര്‍ഡ്, കോട്ടയം വെളിയന്നൂര്‍ പത്താം വാര്‍ഡ് എന്നിവ ഇടതുപക്ഷം നിലനിര്ത്തി. കോട്ടയം തലനാട് നാലാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് ഇടതുപത്ഷം പിടിച്ചെടുത്തു. മല്ലപ്പുഴശ്ശേരി 12-ാം വാര്‍ഡ് ഒരു വോട്ടിന് എല്‍.ഡി.എഫ് നിലനിര്‍ത്തി. കൊല്ലം പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനും കൊറ്റംകര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡും ഇടതുമുന്നണി നിലനിര്‍ത്തി. കൊല്ലം ഉമ്മന്നൂര്‍ ഇരുപതാം വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് സി.പി.ഐയിലെ ഹരിതാ അനില്‍ പിടിച്ചെടുത്തു. 69 വോട്ടുകള്‍ക്കാണ് ഹരിത ഇവിടെ അട്ടിമറി വിജയം നേടിയത്. ബി.ജെ.പി അംഗം എം ഉഷ രാജിവെച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബി.ജെ.പിക്കു ലഭിച്ച സീറ്റുകള്‍

അരുവിക്കര പഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡ് സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. ഒറ്റപ്പാലം നഗരസഭ ഏഴാം വാര്‍ഡ് നിലനിര്‍ത്തി. കായംകുളം നഗരസഭ 32-ാം വാര്‍ഡും ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന വണ്ടൂര്‍ ഡിവിഷനും ബി.ജെ.പി നിലനിര്‍ത്തി.

എസ്.ഡി.പി.ഐക്കു ലഭിച്ച സീറ്റുകള്‍

ഈരാറ്റുപേട്ട നഗരസഭയില്‍ കുറ്റിമരം പറമ്പ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് 44 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം. 366 വോട്ടുകളാണ് എസ്.ഡി.പി.ഐ നേടിയത്. യു.ഡി.എഫ് 322 വോട്ടും എല്‍.ഡി.എഫ് 236 വോട്ടും നേടി. എസ്.ഡി.പി.ഐ അംഗമായിരുന്ന ഇ.പി അന്‍സാരിയെ അയോഗ്യനാക്കിയതോടെയാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആം ആദ്മി നേട്ടം

ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയം. ആം ആദ്മിയുടെ ബീന കുര്യന്‍ ആണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തത്.

Advertisement